നെല്ലിക്കുഴി : കമ്പനിയിലെ മാലിന്യം കത്തിക്കൽ പ്രദേശവാസികൾ ദുരിതത്തിൽ. നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ കുരിയപ്പാറ മോളം എസ് സി കോളനിക്ക് സമീപം പ്രവർത്തിക്കുന്ന കമ്പനിയിയിലെ മാലിന്യങ്ങൾ കത്തിക്കുന്നത് പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. രാവിലെ മുതൽ തെർമോകോൾ, പ്ലാസ്റ്റിക്ക് മുതലായ ടൺകണക്കിന് വേസ്റ്റുകൾ കൂട്ടിയിട്ട് കത്തിച്ചത് മൂലം രൂക്ഷമായ പുകയും കുട്ടികൾക്കും പ്രായം ചെന്നവർക്കും ശ്വാസ തടസ്സവും അനുഭവപെട്ടതായി പ്രദേശ വാസികൾ പറയുന്നു. പുക ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സ്നെ വിളിച്ചു വരുത്തി തീ അണക്കുകയായിരുന്നു.
ക്ലീൻ നെല്ലിക്കുഴിയുടെ പേരിൽ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നുവെന്ന് വലിയ പ്രചരണം നടക്കുമ്പോഴാണ്, ഇത്ര വലിയ തോതിൽ മാലിന്യം കത്തിച്ച് അന്തരീക്ഷം മലിനമാക്കുകയും മനുഷ്യരെ രോഗികൾ ആക്കുകയും ചെയ്യുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. കമ്പനി ഉടമയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരിസര വാസികൾ അറിയിച്ചു.