കോതമംഗലം : നിയമ വിദ്യാർത്ഥിനിയായ മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഇന്‍സ്പെക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മോഫിയയുടെ സഹപാഠികൾ ആലുവ എസ്പി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും, 17 നിയമ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃ പിതാവ് യൂസഫ് (63) എന്നിവരെ ഇന്നലെ ആലുവ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഒളിവിൽ പോയിരുന്ന കുടുംബത്തിനെ പോലീസ് കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഐ.പി.സി 304 (ബി), 498 (ഏ), 306, 34 ഐ പി സി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.