കോതമംഗലം: ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് സൗജന്യ സഹായ ഉപകരണങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതിയായ ADIP യുടെ കീഴിൽ നടത്തിയ പ്രാഥമിക സ്ക്രീനിംഗ് ക്യാമ്പ് ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂവാറ്റുപുഴ, കോതമംഗലം അസംബ്ലി മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന മുഴുവൻ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനു വേണ്ടി 26.11.2022 (ശനി) രാവിലെ 9 മുതൽ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പ് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ട്രൈസൈക്കിൽ, വീൽചെയർ, ഹിയറിങ് എയ്ഡ്, ആർട്ടിഫിഷ്യൽ ലിംഫ് എന്നിവയ്ക്കായി 289 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ട്. പാർലമെൻറ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. രണ്ട് മാസങ്ങൾ കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യാൻ കഴിയുമെന്ന് എം.പി പറഞ്ഞു.
ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ 2 ഘട്ടമായി 10 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞതായി എം.പി പറഞ്ഞു. ആദ്യഘട്ട ക്യാമ്പിൽ 260 പേരും, രണ്ടാം ഘട്ടത്തിൽ ഗുണഭോക്താക്കൾ ഉൾപ്പെടെ 793 പേരെയും കണ്ടെത്താൻ സാധിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എ.എം.ബഷീർ, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ.ജോസ് അഗസ്റ്റ്യൻ, മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സൈജൻറ് ചാക്കോ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് പി.കെ.ചന്ദ്രശേഖരൻ നായർ,ജില്ലാ സാമൂഹ്യനീതി വകുപ്പ് കോ-ഓർഡിനേറ്റർ സി.സാറാ, സിജോ ജോൺ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. കേന്ദ്ര പൊതുമേഖല സ്ഥാപനമായ അലിംകോ Artificial Limbs Manufacturing Corporation of India (ALIMCO) യുടെ നേതൃത്വത്തിൽ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻറെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.