കോതമംഗലം : നഗരസഭയുടെ പാതയോര വിശ്രമ കേന്ദ്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് മുൻസിപ്പൽ ചെയര്മാൻ കെകെ ടോമി.
കേരള സർക്കാർ വഴിയാത്രക്കാർക്കായി ദേശീയ , സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സജ്ജീകരണത്തോടെ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്ന പദ്ധതിയാണ് “ടേക്ക് എ ബ്രേക്ക് ” . സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ഏത് സമയത്തും ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയായും സുരക്ഷിതമായും ആധുനിക സൗകര്യങ്ങളടങ്ങുന്ന ശുചി മുറികളും, കോഫി ഷോപ്പുകളും, ഫീഡിംങ്ങ് റൂമും അടക്കം ഉന്നത നിലവാരത്തിലുള്ള 12000 വിശ്രമ കേന്ദ്രങ്ങളാണ് സദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭയിൽ ഇടങ്ങളിലായി അഞ്ച് വിശ്രമകേന്ദ്രം ഒരുക്കുകയാണ്. ആയതിന്റെ ഭാഗമായി മലയിൻ കീഴിൽ ടെണ്ടർ പൂർത്തികരിച്ച് പണി ആരംഭിച്ച വിശ്രമ കേന്ദ്രത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയരുകയും നഗരസഭയിൽ പരാതി ലഭിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരുമായി നഗരസഭ അധികാരികൾ ആലോചിച്ച് മലയിൻകീഴ് കവലയിലെ വിശ്രമ കേന്ദ്രത്തിൽ നിന്നും ശൗചാലയം ഒഴിവാക്കുന്നതിന് തീരുമാനിച്ചു.
പരാതിക്കാരുമായി ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങൾ മനസ്സിലാക്കിയ യു ഡി എഫ് തങ്ങളുടെ ഇടപെടലിന്റെ ഭാഗമായാണ് വഴിയോര വിശ്രമ കേന്ദ്രത്തിൽ നിന്ന് ശൗചാലയം ഒഴിവാക്കിയത് എന്ന് വരുത്തിത്തിർക്കുന്നതിനാണ് സമരാഭാസവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ UDF ഭരണസമിതി പ്രസ്തുത സ്ഥലത്ത് പൊതു ശൗചാലയം നിർമിക്കുന്നതിനുള്ള തീരുമാനം എടുത്തിരുന്നതാണ്. എന്നാൽ അതിന് വിഭിന്നമായി ഇപ്പോഴത്തെ കൗൺസിൽ ടി സ്ഥലത്ത് വിശ്രമ കേന്ദ്രം ഒരുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
വസ്തുതകൾ ഇതായിരിക്കെ ദുരുദ്ദേശത്തോടെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉയർന്നു വരുന്ന സമരങ്ങളെയും, ദുഷ്പ്രചാരങ്ങളേയും തള്ളിക്കളയണമെന്ന് കെ കെ ടോമി പറഞ്ഞു.