കോതമംഗലം: നഗരസഭയിൽ പന്തുരുട്ടി വീരഗാഥ രചിക്കാൻ സെവൻസ് ടീം . തിരഞ്ഞെടുപ്പിൽ താരം ഫുട്ബോളാണ്. ഏഴ് സി.പി.എം. സ്വതന്ത്രമാരാണ് ഫുട്ബോൾ ചിഹ്നത്തിൽ കോതമംഗലം നഗരസഭയിൽ മാറ്റുരക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയിൽ ഫുട്‌ബോൾ പ്രേമികളും കളിക്കാരുമായ പലരും സ്ഥാനാർഥികളാണ്.
2005 മുതൽ 2010 വരെ കേരള സന്തോഷ് ട്രോഫി ടീമിൽ കേരളത്തിന്റെ ഗോൾവല കാത്ത ജിനേഷ് തോമസ് ഈ തിരഞ്ഞെടുപ്പിൽ സജീവമാണ്. കാരണം ജിനേഷിൻ്റെ ഭാര്യ മത്സര രംഗത്തുണ്ട്, തിരഞ്ഞെടുപ്പു ചിഹ്നം ഫുട്ബോൾ ആണ് . നഗരസഭ പതിനാനാറാം വാർഡിലാണ് സിജി ജിനേഷ് മത്സരിക്കുന്നത്. മാറഡോണയുടെ കടുത്ത ആരാധകനും നിലവിലെ നഗരസഭ കൗൺസിലറുമായ കെ.വി തോമസ് ഹാട്രിക് വിജയത്തിനായി എട്ടാം വാർഡിൽ വീണ്ടും ജനവിധി തേടുന്നു.
എം.എ. കോളേജ് ഗ്രൗണ്ടിൽ 25 വർഷമായി മുടങ്ങാതെ ഫുട്‌ബോൾ പരിശീലിക്കുന്ന വെറ്ററൻ താരം കൂടിയാണ് തോമസ് ,നഗരസഭ നാലാം വാർഡിൽ എൽദോസ് പോളും അഞ്ചിൽ സിജി രാജും ഒമ്പതിൽ രമ്യ വിനോദും 11-ൽ റോസിലി ഷിബുവും 14-ൽ സൗമ്യ ജോണും സി.പി.എം. സ്വതന്ത്രരായി ഫുട്ബോൾ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. ഇവരുടെയെല്ലാം ഇഷ്ടവിനോദം ഫുട്ബോളാണ് . അതു കൊണ്ടാണ് രണ്ടാമതൊന്ന് ആലോചിക്കാതെ ഇവരെല്ലാം ഫുട്ബോൾ ചിഹ്നം തിരഞ്ഞെടുത്തത്. എതിരാളിയുടെ പോസ്റ്റിലേക്ക് ഫുട്ബോൾ പായിച്ച് വിജയ കൊടി പാറിക്കുമെന്ന വിശ്വാസത്തിലാണ് ഈ സെവൻസ് ടീം.