കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി സ്നേഹികളും ട്രെക്കിംഗ് പ്രേമികളും പരിപാടിയിൽ പങ്കെടുത്തു. ഷിബു തെക്കുംപുറം എംഎൽഎ ട്രെക്കിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ച രാവിലെ തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് ആരംഭിച്ച യാത്ര ഉച്ചയ്ക്ക് രണ്ടോടെ പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിൽ എത്തി .
കൂറ്റൻ കമ്പകമരങ്ങളുടെയും ഈട്ടിച്ചോലകളും ഇടതൂർന്ന വനപാതയിലൂടെയായിരുന്നു ട്രെക്കിംഗ്. മഴക്കാലത്ത് അത്യന്തം മനോഹരമായി ഒഴുകുന്ന പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിന്റെ പ്രകൃതി ഭംഗി യാത്രയിൽ പങ്കെടുത്തവരെ വിസ്മയിപ്പിച്ചു. വനത്തിന്റെ നിശ്ശബ്ദതയും പക്ഷികളുടെ സംഗീതവും മഴയുടെ കുളിരും നിറഞ്ഞ യാത്ര ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് ട്രെക്കിംഗിൽ പങ്കെടുത്തവർ പറഞ്ഞു.
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ബിനീഷ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അജന്തൻ, മറ്റ് വനപാലകരും വാച്ചർമാരും ട്രെക്കിംഗിന് നേതൃത്വം നൽകി. തട്ടേക്കാട്ടെ ടൂറിസ്റ്റ് ഗൈഡ്മാരും യാത്ര വിജയകരമാക്കാൻ നല്ല പങ്കുവഹിച്ചു.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി ഉദ്ഘാടനം ചെയ്തു. കീരംപാറ മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ വാർഡ് അംഗവുമായ ഗോപി മുട്ടത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എ. ജേക്കബ് എന്നിവർ പങ്കെടുത്തു. ട്രെക്കിംഗിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക വിനോദസഞ്ചാരത്തിനും പരിസ്ഥിതി സൗഹൃദ ടൂറിസത്തിനും പുതിയ ഊർജം പകരുന്നതോടൊപ്പം, കോതമംഗലത്തിന്റെ വനസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന ശ്രദ്ധേയപരിപാടിയായി മാറി.



















































