കോതമംഗലം: കവളങ്ങാട് പുലിയൻപാറ സൈന്റ്റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. ഊന്നുകൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പള്ളിയിൽ ആരാധന നടത്താനെത്തിയ വിശ്വാസികളാണ് മാതാവിൻ്റെ രൂപം കന്നാരത്തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപമാണ് സാമൂഹ്യ വിരുദ്ധർ ഇവിടെ നിന്ന് എടുത്തു കൊണ്ടുപോയി തൊട്ടടുത്തുള്ള കന്നാരത്തോട്ടത്തിൽ കൊണ്ടുവന്നിട്ടത്.
വിവരമറിഞ്ഞ് നിരവധി വിശ്വാസികൾ പള്ളിയിൽ എത്തി. തുടർന്ന് പള്ളി അധികൃതർ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളിയുടെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള മലിനീകരണം മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാവി പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പള്ളി വികാരി ഫാ. പോൾ ചൂരത്തൊട്ടിയിൽ പറഞ്ഞു.
നെല്ലിമറ്റം പുലിയൻപാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ പരിശുദ്ധ കന്യാമറിയത്തിൻ്റെ തിരുരൂപം സാമൂഹ്യ വിരുദ്ധർ തകർത്ത സ്ഥലം ആൻ്റണി ജോൺ MLA, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ചു. എത്രേയും പെട്ടന്ന് സാമൂഹിക വിരുദ്ധരെ പിടികൂടുവാൻ എം.എൽ.എ നിർദ്ദേശം നൽകുകയും ചെയ്തു.