കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം കറുകടം മാവിൻചുവട് ഭാഗത്ത് നിന്നും ഇപ്പോൾ പുതുപ്പാടി കരയിൽ താണിക്കത്തടം കോളനി റോഡ് ഭാഗത്ത് ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) വീട്ടിൽ താമസിക്കുന്ന ദിലീപ് (41) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി എ.ശ്രീനിവാസിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
2021 ൽ പുതുപ്പാടി സ്ക്കൂൾപ്പടി ഭാഗത്ത് വച്ച് പ്രിൻസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ നിയമ പ്രകാരം 44 പേരെ നാട് കടത്തി. 67 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.