Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കും: ഷിബു തെക്കുംപുറം എംഎൽഎ

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം എംഎൽഎ പ്രഖ്യാപിച്ചത്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറത്തിലൂടെ കോതമംഗലംപ്രവാസികളുടെ കൂട്ടായ്മയും നാടിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

ടൂറിസം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ മികച്ച നിക്ഷേപാവസരങ്ങൾ ഒരുക്കിയാൽ കോതമംഗലത്ത് നിക്ഷേപം നടത്താൻ സന്നദ്ധമാണെന്ന് യുഎഇയിലെ പ്രവാസികൾ സമ്മിറ്റിൽ അറിയിച്ചു. നിക്ഷേപ താൽപര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും നാടിന്റെ വികസനത്തിന് പ്രവാസികളുടെ വിഭവശേഷിയും ആശയങ്ങളും പ്രയോജനപ്പെടുത്തുന്നതിനുമായി അടുത്തവർഷം തുടക്കത്തിൽ കോതമംഗലത്ത് ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

കോതമംഗലത്ത് ഐടി കമ്പനികളെ ആകർഷിക്കണമെങ്കിൽ മികച്ച ഡേറ്റ കണക്ടിവിറ്റി ഉറപ്പാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഐടി മേഖലയിലെ നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ക്ഷേമവും വിവിധ ആവശ്യങ്ങളും ഏകോപിപ്പിക്കുന്നതിനായി എൻആർഐ വെൽഫെയർ ബോഡി രൂപീകരിക്കണമെന്ന നിർദേശവും സമ്മേളനത്തിൽ ഉന്നയിച്ചു.

കോതമംഗലത്തിന്റെ ടൂറിസം സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുക, വിദ്യാഭ്യാസ-കാർഷിക മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും ചർച്ചയായി. ക്ലീൻ കോതമംഗലം എന്ന ആശയത്തിനും പങ്കെടുത്തവർ പ്രാധാന്യം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കോതമംഗലം സ്വദേശികളുടെ അറിവും അനുഭവസമ്പത്തും നിക്ഷേപശേഷിയും നാടിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്ന അഭിപ്രായവും ഉയർന്നു.

എല്ലാ വിഭാഗം ജനങ്ങളുടെയും ആശയങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളിച്ച് അടുത്ത അഞ്ചുവർഷത്തേക്കുള്ള സമഗ്ര വികസന റോഡ് മാപ്പ് തയ്യാറാക്കിവരികയാണെന്നും എംഎൽഎ പറഞ്ഞു. ഡിസംബറോടെ റോഡ് മാപ്പ് പൂർത്തിയാക്കി അവതരിപ്പിക്കും. വരും മാസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോതമംഗലം പ്രവാസികളെ പങ്കെടുപ്പിച്ച് കൂടുതൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു.

കോതമംഗലം–മൂവാറ്റുപുഴ ആശ്രയം അസോസിയേഷൻ പ്രസിഡന്റ് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. അനുര മത്തായി, സമീർ പൂക്കുഴി, ജിമ്മി കുര്യൻ, ജോൺസൺ ജോർജ്, അനൂപ് ചിറ്റില്ലപ്പിള്ളി, ധാനീഷ് പൂത്തൂർ, അബി പൗലോസ്, ബിനിൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. കോതമംഗലത്തുകാരായ നൂറോളം പ്രവാസികൾ ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തു.

 

 

You May Also Like

error: Content is protected !!