നേര്യമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റയും സംയുക്താഭിമുഖ്യത്തിൽ നേര്യമംഗലം ആദിവാസി സെറ്റിൽമെൻറ് കോളനിയിൽ ചെയ്തിരുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി . തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് ഏക്കറോളം വരുന്ന തരിശ് പ്രദേശം കൃഷിയിറക്കിയിരുന്നത്. താമസ സ്ഥലത്തിനു പുറമെ കൃഷി ചെയ്യുന്നതിനു മാത്രമായി സർക്കാർ നൽകിയിരുന്ന സ്ഥലത്ത് കൃഷി ചെയ്തിരുന്ന പയർ, പാവൽ, വെണ്ട, ചീര, വഴുതന, മുളക് ,വെള്ളരി, പടവലം, ചുരക്ക, മത്തൻ തുടങ്ങിയ വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്.
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തതകൈവരിക്കുക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിഷ രഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് കൃഷി ചെയ്തിരുന്നത്. സെറ്റിൽമെൻ്റ് കോളനിയിൽ വച്ച്നടന്നചടങ്ങിൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസിയ ബിജു വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ സാജു കെ.സി, കുഞ്ഞുമോൾ ബദറുദ്ധീൻ, ഷീബ ബേബി, എൽബിൻ എന്നിവർ സംസാരിച്ചു . കൃഷി ഓഫീസർ കെ.എ.സജി സ്വാഗതവും തൊഴിലുറപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ അമല എൻ.വൈ നന്ദിയും പറഞ്ഞു.