കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വീൽ ചെയർ സമ്മാനിച്ചു. ഡിപ്പോയിൽ എത്തുന്ന വയോജനങ്ങൾക്കും അംഗ പരിമിതർക്കും ബസ് യാത്രക്ക് ഇടയിലും യാത്രക്ക് ശേഷവും ഉപകാരപ്രദമാകാൻ ഈ വീൽ ചെയർ ഉപകരിക്കും. കോതമംഗലം കെ.എസ്.ആർ.ടി.സി. എ.ടി.ഒ. അഭിലാഷ് പി.എ. കോളേജ് സെക്രട്ടറി സി.എ.കുഞ്ഞച്ചന്റെ കൈയിൽ നിന്നും വീൽ ചെയർ ഏറ്റുവാങ്ങി.
കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ഡിപ്പോയിലും വീൽ ചെയർ ഉറപ്പുവരുത്തണം എന്ന് കെ.എസ്.ആർ.ടി.സി. എം.ഡി ഉത്തരവ് ഇറക്കിയിരുന്നു. സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഈ ഉദ്യമത്തിലേക് സ്‌പോൺസർഷിപ്പ് നൽകാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോക്കായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വീൽ ചെയർ നൽകിയത്.
കോളേജ് ചെയർമാൻ പി.വി. പഴുക്കാളി, ട്രഷറർ ബാബു ചെരുപുറം, പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ, ബോർഡ് മെമ്പർമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.എസ്.ആർ.ടി.സി.ക്കായി വീൽ ചെയർ നൽകിയ എംബിറ്റ്‌സ് മാനേജ്മെന്റിനെയും വിദ്യാർത്ഥികളെയും കെ.എസ്.ആർ.ടി.സി. എം.ഡി. ബിജുപ്രഭാകർ അനുമോദിച്ചു.