കോതമംഗലം :രാഷ്ട്രപതിയുടെ ജീവൻ രക്ഷാപുരസ്കാരം ലഭിച്ച അൽഫാസ് ബാബുവിനെ കിസാൻ സഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ ഉപഹാരം അൽ ഫാസ് ബാബുവിന് കൈമാറി. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, സി പി ഐ നെല്ലിക്കുഴിലോക്കൽ സെക്രട്ടറി പി എം അബ്ദുൾ സലാം , കൃഷി അസിസ്റ്റന്റ് റ്റി റഷീദ്, കിസാൻ സഭ പ്രാദേശിക സഭ പ്രസിഡന്റ് നൗഷാദ് പരുത്തിക്കാട്ട് കുടി, യൂസഫ് കാമ്പത്ത്, ഗഫൂർ കെ
എ എന്നിവർ പങ്കെടുത്തു.
നെല്ലിക്കുഴി പഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ കുറ്റിലഞ്ഞി പുതുപ്പാലം ഓലിപ്പാറ ഒ എച്ച് ബാബു ( കൃഷി ഓഫീസർ ) വിന്റെയും സൽമത്തിന്റെയും മകനാണ് അൽഫാസ് ബാബു. സഹോദരങ്ങൾ: അജ്മൽ , അൽ ഫിയ.
2020ഫെബ്രുവരി 22ന് മേതല ഹൈ ലെവൽ കനാലിന്റെ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം ശക്തമായ ഒഴുക്കുള്ള ഭാഗത്ത് കുറ്റിലഞ്ഞി പുതീക്കപ്പറമ്പിൽ ഹസൈനാരിന്റെ മകൻ ഇബ്രാഹിം ബാദുഷ കാൽ തെന്നിവീണു. ബഹളം കേട്ട് ഓടിയെത്തിയ അൽ ഫാസ് ബാബു മടിച്ചു നിൽക്കാതെ കനാലിൽ ചാടി ഇബ്രാഹിം ബാദുഷയെ സാഹസികമായി രക്ഷിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും 10 വയസ് മാത്രം പ്രായവുമുണ്ടായിരുന്ന അൽ ഫാസ് ബാബു ശക്തമായ അടിയൊഴുക്കുള്ള കനാലിൽ ചാടി തന്നേക്കാൾ ഒരു വയസ് പ്രായകൂടുതലുള്ള ഇബ്രാഹിം ബാദുഷയെ രക്ഷിക്കുകയായിരുന്നു.
തന്റെ സുഹൃത്തായ ഇബ്രാഹിം ബാദുഷയെ രക്ഷിക്കാൻ മുതിർന്നവർ പോലും അമ്പരന്നു നോക്കി നിൽക്കെ
ധൈര്യത്തോടെ അൽ ഫാസ് ബാബു തന്നെ ക്കുറിച്ച് പോലും ചിന്തിക്കാതെ ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചതാണ് രാഷ്ട്ര പതിയുടെ ജീവൻ രക്ഷാ പുരസ്കാരത്തിന് അർഹനാക്കിയത്.