കോതമംഗലം: പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞെന്ന് പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 11.30ഓടെ സെക്രട്ടറി സാബു സി.ജെയും വാര്‍ഡ് മെമ്പര്‍ എംവി റെജി തമ്മിലാണ് വാക്കേറ്റമുണ്ടായത്. നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് അംഗം എംവി റെജിയാണ് രംഗത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റെജി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കോതമംഗലം പോലീസ് എത്തി റെജിയെ അറസ്റ്റു ചെയ്ത് നീക്കി. നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി ലീഡറും 15 ആം വാര്‍ഡ് അംഗവുമാണ് റെജി. ഇന്ന് രാവിലെ തന്റെ വാര്‍ഡിലെ ഒരു പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്തില്‍ എത്തിയ തനിക്കെതിരെ സെക്രട്ടറി ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തുവെന്നും അസഭ്യം പറഞ്ഞെന്നും റെജി ആരോപിച്ചു. സെക്രട്ടറിക്കെതിരെ റെജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദ്യശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.