കോതമംഗലം :ഉപ്പുംമുളകും എന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി വീട്ടമ്മമ്മാരുടെയും കുട്ടികളുടെയും പ്രിയങ്കരനായി മാറിയ ‘മുടിയൻ’എന്ന റിഷി എസ് കുമാർ വിവാഹിതനായി.കോതമംഗലം, തൃക്കാരിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു താലിക്കെട്ട്.കോതമംഗലം ചെറുവട്ടൂർ പൂവത്തൂർ സ്വദേശിയും നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് മുടിയന്റെ ജീവിതപങ്കാളി..
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് ജനപ്രിയനായി മാറിയ താരമാണ് റിഷി എസ് കുമാര്‍. പരമ്പരയില്‍ മുടിയന്‍ എന്ന പേരിലാണ് താരം അറിയപ്പെടാറുള്ളത്.
തലനിറയെ ചുരുണ്ട മുടിയുമായി ഒരു ട്രെന്‍ഡ് തന്നെ സൃഷ്ടിക്കാന്‍ റിഷിക്ക് സാധിച്ചിരുന്നു. ഇക്കഴിഞ്ഞ ബിഗ് ബോസിലും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടാന്‍ മുടിയന് സാധിച്ചു. വധുവായ ഐശ്വര്യ ഡോക്ടർ ആണ്.ഐശ്വര്യയും നല്ലൊരു നടിയും നർത്തകിയുമാണ്.ആറു വർഷത്തെ പ്രണയകാലത്തിനൊടുവിലാണ് റിഷി ഐശ്വര്യയുടെ കൈപിടിക്കുന്നത്.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. ആറു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ‘ഒഫിഷ്യൽ’ ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്.
പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.