കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.പല നാരിക്കാണ് ജീവൻ തിരിച്ചുകിട്ടിയത്.കുഞ്ചിപ്പാറ കോളനിയിൽ നിന്ന് ഉറിയംപെട്ടിയിലേക്ക് വരുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.വേലപ്പൻ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കാട്ടുപോത്തിന്റെ ശല്യം മൂലം വനവിഭവങ്ങൾ ശേഖരിക്കാൻ കഴിയാതെ ആദിവാസികൾ വലയുകയാണ്. കാട്ടുപോത്തുകളുടെ എണ്ണം നാൾക്കുനാൾ പെരുകി വരുന്നത് മനുഷ്യജീവന് ഭീഷണിയാണ്.
കാട്ടുപോത്തിനെയും കാട്ടുപന്നിയെയും ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആദിവാസികൾക്കും കർഷകർക്കും ഉപാധികൾ ഇല്ലാതെ ഇവയെ തുരത്താനും ഇല്ലായ്മ ചെയ്യാനും അനുമതി നൽകണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
ഫോട്ടോ : കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പനെ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശിക്കുന്നു.