കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കാർഷിക മേഖലയിൽ ഉണ്ടാകുന്ന രൂക്ഷമായ വന്യമ്യഗശല്യത്തിൽ നിന്നും കർഷകരെയും, കാർഷിക വിളകളെയും സംരഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറകണമെന്ന് ജോയിന്റ് കൗൺസിൽ കോതമംഗലം മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാരഭവൻ ഹാളിൽ വച്ച് നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാനകമ്മിറ്റിയംഗം പി. അജിത്ത് ഉത്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് വി.കെ ചിത്ര അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ട് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവനയും, പ്രവർത്തന റിപ്പോർട്ട് മേഖലാ സെക്രട്ടറി കെ.എൻ അനിൽകുമാറും വരവ് ചെലവ് കണക്ക് മേഖലാ ട്രഷറർ പി.എൻ ബിനീഷും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം ബഷീർ, ട്രഷറർ കെ.കെ.ശ്രീജേഷ്, സമരസമിതി കൺവീനർ വി.കെ ജിൻസ്, ജോൺസൺ പോൾ എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയം എസ് രശ്മിയും, അനുശോചന പ്രമേയം സി.കെ ദീപാ മോളും അവതരിപ്പിച്ചു. ജീവനക്കാരുടെ കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കുക തുടങ്ങീ പ്രമേയങ്ങളും സമ്മേളനം ഉന്നയിച്ചു.
പുതിയ ഭാരവാഹികളായി വി.കെ ചിത്ര (പ്രസിഡന്റ്) സനൽകുമാർ, വി. രജനി രാജ്(വൈസ്.പ്രസിഡന്റ്മാർ )കെ.എൻ.അനിൽകുമാർ (സെക്രട്ടറി) മുഹമ്മദ് ഷാ, അനിൽ കെ.എസ് (ജോയിന്റ് സെക്രട്ടറിമാർ ) പി.എൻ. ബിനീഷ് (ട്രഷറർ) എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി വി. രജനിരാജ് (പ്രസിഡന്റ്) സി.കെ ദീപാമോൾ (സെക്രട്ടറി) എന്നിവരേയും സമ്മേളനം തെരെഞ്ഞെടുത്തു.