കോതമംഗലം : കോതമംഗലം ലേബർ ഓഫീസർ കെ. എ ജയപ്രകാശിൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ അടിസഥാനത്തിൽ ചുമട്ടതൊഴിലാളി കൂലി വർദ്ധനവിൽ സമവായമായി.ടൗൺ,അങ്ങാടി, തങ്കളം പ്രദേശങ്ങളിലെ തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് കേരള വ്യാപാരി വ്യവസായി സമിതി,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാരും ചുമട്ടുതൊഴിലാളി നേതാക്കന്മാരും മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ധാരണയായി.
നിലവിലുള്ള കൂലിയിൽ നിന്നും പതിമൂന്നര ശതമാനം വർദ്ധനവ് വരുത്തുന്നതിന് ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിച്ചു.ഈ വർദ്ധനവ് ഫെബ്രുവരി 20മുതൽ പ്രാബല്യത്തിൽ വരുന്നതും 2025ഫെബ്രുവരി 19വരെ കാലാവധി ഉണ്ടായിരിക്കുകയും ചെയ്യുന്നതാണ്.
വിവിധ ദിവസങ്ങളിലായി നടന്ന ചർച്ചകളിൽ വ്യാപാരി സമിതി ഏരിയാ സെക്രട്ടറി കേ. എ നൗഷാദ്,, പ്രസിഡൻ്റ് എം. യു അഷറഫ്,സജി മാടവന,ബാബു പോൾ,എം.പി ബഷീർ എന്നിവരും കെവിവിഎസ് നേതാക്കളായ എൽദോ വർഗ്ഗീസ്, ഇ.കേ സേവ്യർ ,ബിനു ജോർജ്‌ജ് എന്നിവരും , തൊഴിലാളി നേതാക്കളായ സി പി എസ് ബാലൻ,റോയ് കെ പോൾ,എം എസ് ജോർജ്ജ്,അബു മൊയ്തീൻ.കെ.എം ബഷീർ എന്നിവരും പങ്കെടുത്തു.