കോതമംഗലം: കോതമംഗലം നഗരത്തെയാകെ ആവേശത്തേരിലാക്കി നവംബർ 19, 21, 22,23 തീയതികളിലായി, സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നിരുന്ന ഉപജില്ല കലാമേള സമാപിച്ചു. 97 വിദ്യാലയങ്ങളിൽ നിന്നും 4500 കുട്ടികൾ പങ്കെടുത്ത മേള വൻ വിജയമായിരുന്നു. മുഖ്യ സംഘാടകൻ,എഇഒ സുധീർ കെ പി യുടെ നേതൃത്വത്തിൻ കീഴിൽ, ജനറൽ കൺവീനർ സിസ്റ്റർ റിനി മരിയ, 13 കമ്മറ്റികളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ, തുടങ്ങി വലിയൊരു കൂട്ടായ്മ ഒരുമിച്ചാണ് ഈ മേള വലിയ വിജയമാക്കി തീർത്തത്.
കലാമേളയുടെ സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.
കലാമേളയിൽ, ആതിഥേയ വിദ്യാലയമായ സെന്റ്.അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ 510 പോയിന്റ് നേടി ഉപജില്ലയിലെ ചാമ്പ്യന്മാരായി ., ഹയർസെക്കൻഡറി വി ഭാഗത്തിൽ സെൻറ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി.
ഹൈസ്കൂൾ സ്കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിലും സെൻറ്.അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.. എൽ പി വിഭാഗത്തിൽ രാമല്ലൂർ സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ ഓവർ ഓൾ നേടി . കലാമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ,തങ്ങളുടെ പിടിഎ കമ്മറ്റി, ഉപജില്ല കലാമേളയ്ക്ക് സംഭാവനയായി നൽകിയ രണ്ട് ട്രോഫികളും, -ചാമ്പ്യൻ സ്കൂളിനുള്ള ട്രോഫിയും യുപി വിഭാഗത്തിൽ ഓവറോൾ നേടുന്ന സ്കൂളിനുള്ള ട്രോഫിയും – കരസ്ഥമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷത്തിലാണ്.
സംസ്കൃതോത്സവത്തിൽ, യുപി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ഓവറോൾ കരസ്ഥമാക്കി, തൃക്കാരിയൂർ ഹൈ സ്കൂളിനാണ് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ .
അറബി കലോത്സവത്തിൽ , എൽ പി വിഭാഗത്തിൽ എം എൽ പി എസ് മൈലൂർ ഓവറോൾ കരസ്ഥമാക്കി. യുപി വിഭാഗത്തിൽ, ജി യു പി എസ് ചെറുവട്ടൂർ ആണ് ഓവറോൾ നേടിയത്.ഹൈസ്കൂൾ വിഭാഗത്തിൽ ജി വിച്ച്എസ്എസ് പല്ലാരിമംഗലം ഓവറോൾ കരസ്ഥമാക്കി.
ചിത്രം : ചാമ്പ്യൻ മാരായ സെന്റ് അഗസ്റ്റിൻ സ്കൂൾ ടീം