കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് ശൗചാലയം നിർമിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. പുറമ്പോക്ക് ഭൂമിയിൽ നിർമിക്കുന്ന ശൗചാലയം ഭാവിയിലെ റോഡ് വികസന പദ്ധതികൾക്ക് തുരങ്കം വയ്ക്കുമെന്നും ശുചിത്വ – സാമൂഹിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും നാട്ടുകാർ പറയുന്നു. ശൗചാലയങ്ങൾ നിർമിക്കുന്നതല്ലാതെ പിന്നീട് ഇതിൻ്റെ നടത്തിപ്പിൽ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിക്കാറില്ലെന്നും പരാതി ഉയരുന്നുണ്ട് . മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ ശൗചാലയം ഉദാഹരണമാണ്. പോലീസ് സ്റ്റേഷന് എതിർവശം കാലങ്ങൾക്ക് മുമ്പ് നിർമിച്ച ശൗചാലയം പിന്നീട് രണ്ടു നില കെട്ടിടമാക്കി മാറ്റുകയായിരുന്നു. ആവശ്യത്തിന് കൂടിയാലോചനകളോ അഭിപ്രായങ്ങളോ സ്വീകരിക്കാതെ ചില തൽപരകക്ഷികളുടെ താൽപര്യാർത്ഥമാണ് ഈ ശൗചാലയം ഉയരുന്നത് എന്ന ആക്ഷേപവും ഉണ്ട്.
കപ്പേളയുടെ സമീപം ഉയരുന്ന ഈ ശൗചാലയത്തെക്കുറിച്ച് വിശ്വാസികളുടെ ഭാഗത്ത് നിന്നും നാട്ടുകാരുടെ ഇടയിൽ നിന്നും നിരവധി ആക്ഷേപങ്ങൾ ഉയർന്നുവെങ്കിലും അവയെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാൻ നഗരസഭ അധികൃതർ തയ്യാറാകാത്തതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ശൗചാലയത്തിന് എതിരെ കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രൽ പാരീഷ് കൗൺസിൽ പ്രമേയം പാസാക്കി. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.