കോതമംഗലം : നിരാലംബരായ മനുഷ്യരെ ചേർത്ത് പിടിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്ന പീസ് വാലിയുടെ ശൈലി മാനവികതയുടെ ഉദാത്തമായ മാതൃകയാണെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ്. മനുഷ്യന്റെ അഹന്തക്കും അഹങ്കാരത്തിനും കടിഞ്ഞാണിടാൻ പര്യാപ്തമായവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ കേന്ദ്രത്തിനു പ്രവാസി വ്യവസായി സമീർ പൂക്കുഴി നിർമിച്ചു നൽകിയ പത്ത് മുറികളുടെ സമർപ്പണവും ചികിത്സയിലൂടെ സ്വയംപര്യാപ്തരായ ഭിന്നശേഷിക്കർക്കുള്ള നാല് ഓട്ടോ റിക്ഷകളുടെ കൈമാറ്റവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി ജോൺ
എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പീസ് വാലി ചെയർമാൻ
പി എം അബൂബക്കർ, വ്യവസായ പ്രമുഖരായ നവാസ് മീരാൻ, നൂർ മുഹമ്മദ് സേട്ട്, സമീർ പൂക്കുഴി, ഷാഫി മേത്തർ, സജീവ് മേക്കാലടി, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,
കെ എ ജോയ്, അഡ്വ. എൻ സി മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, കെ എ ഷമീർ, എം എം ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.
