കോതമംഗലം : കരിയിലടക്കമുള്ള മാലിന്യം കത്തിക്കുന്നതിനിടെ തീ പടർന്നത് കെടുത്താനുള്ള ശ്രമത്തിനിടയിൽ സമീപമുള്ള കിണറ്റിൽ മദ്ധ്യവയസ്ക വീണു. നെല്ലിക്കുഴി സ്വദേശിനി വിലാസിനി (58) ആണ് വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ കോതമംഗലം മുനിസിപ്പൽ പരിധിയിൽ പുതുപ്പാടിയിലാണ് സംഭവം. 30 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. വീടും പരിസരവും വൃത്തിയാക്കാനെത്തിയ ജോലിക്കാരി കരിയില ടക്കമുള്ള മാലിന്യത്തിനു തീയിട്ടു. തീ ആളി പടർന്ന തോടെ വെള്ളമൊഴിച്ചു കെടുത്തുന്നതിനായി വെള്ളവുമായി ഓടുന്നതിനിടെ സമീപമുണ്ടായിരുന്ന ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണു. പരിസരമാകെ തീയും പുകയും പടർന്ന തോടെ ഓടിയെത്തിയ നാട്ടുകാരും ഭയപ്പെട്ടു.
വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വളരെ സാഹസപ്പെട്ടാണ് സ്ത്രീയെ രക്ഷിച്ചത്. ഓക്സിജൻ സിലിണ്ടർ അടക്കമുള്ള ബി എ സെറ്റ് ധരിച്ചാണ് ഫയർ ഫോഴ്സ് സംഘം കിണറ്റിലിറങ്ങിയത്. മൂവാറ്റുപുഴ ഫയർസ്റ്റേഷൻ ഓഫീസർ റ്റി കെ സുരേഷ്, സംഘാംഗങ്ങളായ കെ പി സുബ്രമണ്യൻ, സി എം നൗഷാദ്, അന്ത്രു , ഗഫൂർ , റിയോ പോൾ, വിഷ്ണു, ഷാനവാസ്, ഷമീർ ഖാൻ , വർഗീസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാദൗത്യത്തിന് എത്തിയത്.