കോതമംഗലം: തൃക്കാരിയൂർ തടത്തിക്കവല-മുല്ലേക്കടവ് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസം മൂന്ന് കഴിഞ്ഞു. വാർഡ് മെമ്പറും, സമീപവാസികളും നിരവധി തവണ വാട്ടർ അതോറിറ്റി അധികാരികളെ വിഷയം ധരിപ്പിച്ചതാണ് . ഇന്ന് ശരിയാക്കാം, നാളെ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഇന്നേവരെ പ്രശനം പരിഹരിക്കാതെ തികഞ്ഞ അവഗണനയാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായി പോകുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം 75മീറ്ററോളം ഒഴുകി റോഡിലുള്ള ചപ്പാത്തിൽ കെട്ടി കിടക്കുന്നത് വഴിയാത്രക്കാർക്ക് അതിലെ നടക്കാൻ ആവാത്ത സ്ഥിതിയാണ്. നിത്യേന നൂറ് കണക്കിന് വാഹങ്ങൾ പോകുന്ന റോഡാണിത്. വെള്ളക്കെട്ടിൽ വീണ് വാഹനങ്ങൾക്കും അപകടമുണ്ടാകുന്നുണ്ട്.
അധികാരികളുടെ തികഞ്ഞ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് തൃക്കാരിയൂർ ഗ്രാമ വികസന സമിതി പ്രവർത്തകരുടെയും, വാർഡ് മെമ്പർ സനൽ പുത്തൻപുരയ്ക്കലിന്റെയും നേതൃത്വത്തിൽ കോതമംഗലത്തെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. പണിക്കാരുടെയും, സാധന സാമഗ്രികളുടെയും ലഭ്യത കുറവുമാണ് നന്നാക്കാതിരിക്കാൻ കാരണമെന്ന മുടന്തൻ ന്യായമാണ് അധികാരികൾ പറയുന്നത്. എന്നാൽ ഉടനടി പ്രശ്നം പരിഹരിക്കണമെന്നും, ഇനിയും കാത്തിരിക്കാനാവില്ലെന്നും, ഇനിയും തിരിഞ്ഞു നോക്കാതിരുന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ജനങ്ങളെ അണിനിരത്തി ഓഫീസ് പൂർണ്ണമായി ഉപരോധിക്കുമെന്നും സമരക്കാർ പറഞ്ഞു.
എസ്റ്റിമേറ്റ് എടുക്കാൻ ഉടൻ ആളെ അയക്കാമെന്നും പൈപ്പ് ലൈൻ കേടുപാടുകൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരക്കാർ മടങ്ങിയത്. തൃക്കാരിയൂർ ഗ്രാമവികസന സമിതി സെക്രട്ടറി പി ആർ സിജു, വിജിത് വിനോദ്, സന്ധ്യ സുനിൽകുമാർ, അഭിമന്യു വടക്കേക്കര എന്നിവരുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.