- ജെറിൽ ജോസ് കോട്ടപ്പടി.
കോതമംഗലം : വിടരും മുൻപേ കൊഴിഞ്ഞു പോയ പനിനീർ പുഷ്പമാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് കൊല ചെയ്യപ്പെട്ട മാനസ എന്ന് വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം പറയുന്നു. പ്രണയത്തെ വിലയ്ക്കുവാങ്ങി പിടിച്ചെടുക്കുവാനുള്ള ശ്രമം പരാജയപ്പെട്ടാൽ പിന്നെ ആരുംതന്നെ ഇനി ജീവനോടെ വേണ്ട എന്ന ഒരിക്കലും ന്യായീകരിക്കാനാവാത്ത നിലപാട്. അപക്വമായ ആൺ ബോധത്തിൽ നിന്നുടലെടുക്കുന്ന അപകടകരമായ ഒരു മാനസിക രോഗമാണ് ഇത് എന്ന് പറയാതെ വയ്യ.
ഒരുവൻ തന്നോട് പറഞ്ഞതത്രയും വെറും ഇല്ലാക്കഥകളാണെന്ന് മനസ്സിലാക്കിയ ഒരു പെൺകുട്ടി സ്വാഭാവികമായി ചെയ്യുന്നതൊക്കെയേ മാനസ എന്ന പെൺകുട്ടിയും ചെയ്തുള്ളു. ശല്യം സഹിക്കാതെ വന്നപ്പോൾ പരിഭവിച്ചു, പരാതിപ്പെട്ടു. തനിക്ക് നേരിട്ടേക്കാവുന്ന ചതിയിൽ നിന്ന് അവൾ എങ്ങനെയെങ്കിലുമൊക്കെ ഒഴിഞ്ഞുമാറുവാൻ ശ്രമിച്ചു. എന്നാൽ ഒരു കിരാതന്റെ ക്രൗര്യത്തോടെ അവൻ അവളെ ഇല്ലാതാക്കുവാൻ ആസൂത്രണം ചെയ്ത് അത് മനുഷ്യത്വരഹിതമായ തികവോടെ നടപ്പിലാക്കുന്നു.
ആൺവേട്ടയുടെ പകച്ചുവയുള്ള ഇങ്ങനെയുള്ള ആക്രമണ സ്വഭാവത്തിൽ പൊലിഞ്ഞില്ലാതാകുന്നത് എത്രയോ ജീവിതങ്ങളും അവരുടെ സ്വപ്നങ്ങളുമാണ്. പിറകോട്ടു സഞ്ചരിക്കുന്ന നമ്മുടെ നാട്ടിൽ ആസിഡിനും മണ്ണെണ്ണയ്ക്കുമൊടുവിൽ തോക്കിൽ വരെയെത്തി നിൽക്കുന്ന യുവതലമുറയുടെ പ്രതികാരാഗ്നി കാണുമ്പോൾ ജീവിക്കുകയെന്ന അവകാശം ഇരന്നു വാങ്ങേണ്ട അവസ്ഥയിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ എത്തിച്ചേർന്നിരിക്കുന്നു എന്നു തോന്നിപ്പോകുന്നു.
സ്വന്തം ജീവിതം വിലകുറഞ്ഞു കണ്ട്, ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ സൂക്ഷ്മത പാലിക്കാതെ അനേകരെ കണ്ണീരിലാഴ്ത്തുന്ന ഈ കള്ളപ്രണയ കലാപരിപാടി കാലം എത്ര കാണിച്ചു തന്നിട്ടും എന്തേ ആരും മനസ്സിലാക്കുന്നില്ല. അതോ യഥാർത്ഥ പ്രണയം എന്തെന്ന് വേണ്ട വിധത്തിൽ അറിയാഞ്ഞിട്ടോ ?. ശോഷിച്ച പുരുഷാധിപത്യബോധം വികലമാക്കുന്ന തലച്ചോറിന്റെ തെറ്റിദ്ധാരണകളെ തിരുത്തി കളങ്കമില്ലാത്ത പ്രണയം മനസ്സിലാക്കിക്കുവാൻ ഇനിയും എത്ര ഇരകൾ വേണ്ടിവരും. അറിയില്ല. ഓൺലൈൻ ബന്ധങ്ങളിലെ പതിയിരിക്കുന്ന ചതിക്കുഴികളെ മനസ്സിലാക്കുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാകണം മാനസയുടെ കഥ. ഇന്റർനെറ്റ് എന്ന ചിലന്തിവലയുടെ മറുതലയ്ക്കൽ, എപ്പോഴും ചിരിച്ചില്ലെങ്കിൽ അല്ലെങ്കിൽ ഒന്നു പിണങ്ങിയാൽ കൊല്ലാനായി തോക്കുമെന്തി നിൽക്കുന്ന ഘാതകനുണ്ടാകും എന്ന് നമ്മുടെ പെൺകുട്ടികൾ തിരിച്ചറിയട്ടെ.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ‘പ്രണയ’ത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ പകയുടെ വിഷവും പേറി വെടിവച്ച് കൊലപ്പെടുത്തിയിരിക്കുന്നു പ്രേമ നൈരാശ്യത്താൽ ഭ്രാന്തനായ ഒരാൾ.
കേരളം വളരുന്നെന്ന് പ്രഘോഷിക്കുമ്പോഴും നമ്മുടെ പെൺമക്കൾ തളരുകയാണ്. പകയിൽ പുകയുന്ന ഈ ക്രൂരമനസ്സുകളുടെ മുന്നിൽ കൊഴിയുന്നത് ഈ സമൂഹത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് .
കോതമംഗലത്ത് സുഹൃത്തിൻ്റെ വെടിയേറ്റ് മരിച്ച ഡൻ്റൽ വിദ്യാർത്ഥിനി മാനസക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.
ആരാണ് രഖിൽ. ?
കോതമംഗലം വാർത്ത എക്സ്ക്ലൂസീവ് സ്റ്റോറി.
തുടരും…