കോതമംഗലം : തൃക്കാരിയൂരില്‍ ആനക്കൂട്ടുങ്ങള്‍ പ്രദേശങ്ങളിലും, സരയൂനഗറിന്റെ വിവിധഭാഗങ്ങളിലുമെല്ലാം ഭീമന് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. ഒരുവര്‍ഷത്തിനകമാണ് തൃക്കാരിയൂര്‍ മേഖലയില്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്.
മഴക്കാലമായതോടെ ഒച്ചുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയും കൂട്ടമായി പറമ്പുകളിലേക്കിറങ്ങി വിളകള്‍ നശിപ്പിക്കുന്നത് ആരംഭിക്കുകയും ചെയ്തിരിക്കുന്നു. കുട്ടികളില്‍ തലച്ചോറിനെ ബാധിക്കുന്ന ഇസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന് കാരണമായ വിരയുടെ വാഹകരാണ് ഇവ. ആദ്യമായി കാണുന്നതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ഒച്ചുകളെ നശിപ്പിക്കുന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതും പ്രശ്നമാവുന്നു. സസ്യങ്ങളെ പൂർണമായും നശിപ്പിക്കുന്ന ഇവക്ക് പ്രകൃതിദത്തമായ ശത്രുക്കളില്ലാത്തതിനാല്‍ ഇവയെ കൃത്യമായി നിയന്ത്രിച്ചില്ല എങ്കില്‍ ജനജീവിതം ദുസ്സഹമാവും.
വര്‍ഷത്തില്‍ 3 -4 തവണ മുട്ടയിടുന്ന ഒരു ഉഭയലിംഗകീടമായ ആഫ്രിക്കന്‍ ഒച്ച് ഒരു തവണ മാത്രം 500 ല്‍ പരം മുട്ടകളിടുന്നതും 11 ദിവസം മുതല്‍ 40 ദിവസം കൊണ്ട് ആ മുട്ടകള്‍ വിരിഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന ഒച്ച് മുട്ടയിടാന്‍ ആരംഭിക്കുന്നത് ഇതിന്റെ വംശവര്‍ദ്ധനവിന്റെ ഭീകരതയെ ആണ് സൂചിപ്പിക്കുന്നത്. പരിസരം ശുചിയാക്കിയിടുന്നതും, പുകയിലയും തുരിശും ചേര്‍ന്ന മിശ്രിതം തളിക്കുന്നതിലൂടെയും ഇവയെ നിയന്ത്രിക്കാമെന്നാണ് വനഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നത് എങ്കിലും പ്രദേശവാസികള്‍ ഭീതിയിലാണ്. ദിവസങ്ങള്‍ കഴിയുന്തോറും ഇവയുടെ ശല്യം വർധിച്ചുവരുന്നത് മൂലം ജനങ്ങളാകെ ആങ്കയിലാണ്.
ആഫ്രിക്കന്‍ ഒച്ചിന്റെ വിഷയം ഗൗരവമായെടുത്തിട്ടുണ്ടെന്നും ഇവയുടെ ഉത്ഭവവും വ്യാപനവും തടയുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മെമ്പര്‍ സനല്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു.