കോതമംഗലം :കോടികൾ മുടക്കി, നല്ല സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചപ്പോൾ ഡോക്ടമാർ അവധിയിലും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവികരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഇക്കഴിഞ്ഞ ജനുവരിയിലാണ് നിർവഹിച്ചത്. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന ആശുപത്രിയാണ് കോതമംഗലം താലൂക്ക് ആശുപത്രി. ആ ആശുപത്രിയിൽ ശനിയാഴ്ച പ്രദർശിപ്പിച്ച അവധിയിലുള്ള ഡോക്ടമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അടക്കം വൈറൽ ആയിരിക്കുന്നത്. നിരവധി ഡോക്ടർമാർ ആണ് ശനിയാഴ്ച അവധിയിൽ. കണ്ണ് ഡോക്ടർ ട്രാൻസ്ഫർ ആയി പോയി, എല്ലിന്റെ ഡോക്ടർ ഫെബ്രുവരി 20വരെ ഉണ്ടായിരിക്കില്ല, സ്കിൻ ഇല്ല, ഇ എൻ ടി ഇല്ല, കുട്ടികളുടെ ഓ പി ഇല്ല എന്നിങ്ങനെ അവധിയിലുള്ള ഡോക്ടർ മാരുടെ നീണ്ട നിര ബോർഡിൽ എഴുതിയിരിക്കുന്നു . ഇതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ഡോക്ടർമാർ ഇല്ലെങ്കിൽ പിന്നെ കോഴി ഫാം തുടങ്ങിയാലോ എന്നുവരെ ട്രോളിയവരുണ്ട്. ഓ പി വിഭാഗം രോഗി സൗഹൃദം ആക്കുന്നതിൻ്റെ ഭാഗമായി 2. I8 കോടി രൂപ മുടക്കിയാണ് കോതമംഗലം താലൂക്ക് ആശുപത്രി നവീകരിച്ചത്. സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രം നവീകരിച്ചപ്പോൾ ഒരുപാട് രോഗികൾക്ക് അത് ആശ്വാസകരമായിരുന്നു. നിലവിലുള്ള ഒ പി പുതുക്കി നിർമിക്കുന്നതിനൊപ്പം പുതുതായി ഒ പി റൂമുകൾ നിർമ്മിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഫാർമസിയിലും ലാബിലും ഒ പി യിൽ വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി വെയ്റ്റിംഗ് ഏരിയകൾ ഇതിൻ്റെ ഭാഗമായി നിർമിച്ചു.
ടൈൽ വിരിച്ച് പെയിൻ്റിങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഒ പി റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ലാബുകളും അത്യാധുനിക രീതിയിൽ നവീകരിച്ചിട്ടുണ്ട്. ലാബ് സെൻ്റെറുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേർന്ന തരത്തിൽ പുതുക്കുകയും, ഒ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയായിരുന്നു നവീകരണം. എന്നാൽ ഡോക്ടമാരുടെ അവധി മൂലം ആദിവാസികൾ അടക്കമുള്ള സാധാരണക്കാരായ നിർധന രോഗികൾ വലയുകയാണ്. രണ്ടാം ശനിയാഴ്ച്ച ആയതുകൊണ്ടാണ് ഇങ്ങനെയൊരു ബോർഡ് പ്രദർശിപ്പിക്കേണ്ടിവന്നത് എന്നൊരു വാദവും ഉയർന്നുകേൾക്കുന്നു.