കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ കൊട്ടികലാശത്തിൽ ഇരുമുന്നണികളും തമ്മിൽ ഉന്തും തള്ളും. സംഘർഷം പകർത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം നടത്തുകയും ചെയ്‌തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വൈകിട്ട് അഞ്ചര മണിയോടെ ഇരു മുന്നണികളുടേയും പ്രവർത്തകരും നേതാക്കളും ചെറുവട്ടൂർ കവലയിൽ എത്തുകയും കൊട്ടി കലാശത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യ്തു. പോലീസ് സ്ഥലത്ത് എത്തി പ്രവർത്തകരെ മാറ്റി വിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പഞ്ചായത്തിലെ മിക്ക മുന്നണികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാർഡുകളിൽ രാവിലെ മുതൽ പ്രചരണം നടത്തുകയുണ്ടായി.
എന്നാൽ ഇരു മുന്നണികളുടേയും പ്രവർത്തകർ ചെറുവട്ടൂർ കവലയിൽ തമ്പടിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കുകയും ചെയ്തു. വാശിയേറിയ കൊട്ടിക്കലാശത്തിനൊടുവിൽ ഇരു മുന്നണികളും തമ്മിൽ വാക്പോര് ഉണ്ടാകുകയും, ഏറ്റുമുട്ടാൻ തുടങ്ങിയതോടെ സ്ഥാനാർത്ഥികളും ,നേതാക്കളും പോലീസുകാരും ഇടപെട്ട് ഇവരെ ശാന്തരാക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ സംഘർഷം ക്യാമറയിൽ പകർത്തുന്നതിനിടയിൽ ന്യൂസ് 18 കോതമംഗലം പ്രാദേശിക റിപ്പോർട്ടറെ CPIM പ്രവർത്തകർ ക്യാമറ തട്ടിപ്പറിക്കുകയും കയ്യേറ്റം ചെയ്യുവാനുള്ള ശ്രമവും നടന്നു. നേതാക്കളും പോലീസും ഇടപെട്ടാണ് പിന്നീട് അവിടെ നിന്ന് പ്രവർത്തകരെ മാറ്റിയത്.