അനൂപ്. എം ശ്രീധരൻ
കോതമംഗലം :- മോട്ടോർ ഓൺ ചെയ്താൽ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നതറിയാൻ ഇനി കാത്തു നിന്ന് സമയം കളയേണ്ട വെള്ളം പാഴായി പോകുകയുമില്ല.ടാങ്കിൽ ജലം നിറയാറായാൽ ഓട്ടോമാറ്റിക്കായി ശബ്ദം പുറപ്പെടുവിക്കുന്ന വാട്ടർ ഇൻഡിക്കേറ്റർ ബസ്സർ എന്ന പുതിയ ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്,തൃക്കാരിയൂർ ഹൈക്കോർട്ട് കവല സ്വദേശിയായ കോളശ്ശേരിൽ വീട്ടിൽ ശ്രീ. വിഷ്ണു പ്രസാദാണ്.
ഈ കൊറോണ കാലത്തു വ്യത്യസ്തമായി എന്തു ചെയ്യാമെന്ന വേറിട്ട ചിന്തയിൽ നിന്നാണ് നെല്ലിമറ്റം MBITS എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ മെക്കാനിക്കൽ വിദ്യാർത്ഥിയായ ശ്രീ. വിഷ്ണു പ്രസാദ് ഇങ്ങനെ ഒരു ഉപകരണം രൂപകല്പന ചെയ്തത്.
ഈ ഉപകാരണത്തിന്റെ ഒരു ഭാഗം വാട്ടർ ടാങ്കിന്റെ ഉള്ളിൽ സ്ഥാപിച്ച ശേഷം ഇൻഡിക്കേറ്റർ മീറ്റർ വീടിന്റെ മറ്റേതെങ്കിലും ഭാഗത്തു സ്ഥാപിക്കുകയാണ് ചെയ്യുക. മൊട്ടോറും, ഇൻഡിക്കേറ്ററും ഒരേ സമയം ഓൺ ചെയ്യുകയാണെങ്കിൽ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാനും, ടാങ്കിൽ വെള്ളം കയറുന്നുണ്ടോ എന്ന് തത്സമയം മനസ്സിലാക്കുവാനും ജലം പൂർണമായും നിറയുന്നതിനു ഒരു മിനിറ്റ് മുൻപ് തന്നെ ബസ്സർ ശബ്ദം കേട്ടുതുടങ്ങുന്നതിനാൽ മോട്ടോർ കൃത്യസമയത്ത് ഓഫ് ചെയ്യുവാനും സാധിക്കും.
ഓരോ ജലതുള്ളിയും വിലപ്പെട്ടതാണെന്ന ഉത്തമ ബോധ്യത്തോടെ ജല സംരക്ഷണത്തിനു ഊന്നൽ കൊടുത്തു വിഷ്ണു നിർമിച്ച ഈ പുതിയ കണ്ടുപിടുത്തത്തിൽ അഭിമാനം കൊള്ളുകയാണ് വാരപ്പെട്ടി N.S.S H.S.S ലാബ് അസിസ്റ്റന്റ് ആയ അച്ഛൻ ശ്രീ. കെ. ശ്രീകുമാറും L.I.C ഏജന്റായി പ്രവർത്തിക്കുന്ന അമ്മ ശ്രീമതി. അനിത ശ്രീകുമാറും,അനിയൻ വിനായകും.
ഇങ്ങനെ ഒരു ഉപകരണം വീട്ടിൽ സ്ഥാപിക്കുവാൻ ഏകദേശം അഞ്ഞൂറു രൂപയ്ക്കും ആയിരം രൂപയ്ക്കുമിടയിൽ മാത്രമേ ചിലവ് വരുകയുള്ളുവെന്ന് ശ്രീ.വിഷ്ണു പ്രസാദ് അറിയിച്ചു.
സ്വന്തം വീട്ടിൽ സ്ഥാപിച്ച വാട്ടർ ഇൻഡിക്കേറ്റർ കണ്ട് ചില സുഹൃത്തുക്കളും ബന്ധുക്കളും അവരുടെ വീടുകളിലും ഈ ഉപകരണം സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
ഭൂഗർഭ ജലവിധാനം താഴ്ന്നു വരുകയാണെന്നു ഗവേഷകർ എല്ലാവരും സമ്മതിക്കുന്ന ഈ കാലഘട്ടത്തിൽ , ജലം അമൂല്യ വസ്തുവായി ജലക്ഷാമം രൂക്ഷമായി മാറാൻ പോകുന്ന ആസന്ന ഭാവിയിൽ തികച്ചും സുരക്ഷിതവും ചിലവു കുറഞ്ഞതുമായ ഈ ഉപകരണം വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കാൻ സാധിച്ചാൽ പല കുടുംബങ്ങൾക്കും ഉപകാരപ്രധമായ ഒന്നായി മാറി ജല സംരക്ഷണത്തിനു ഉപകരിക്കുമെന്നതിൽ ലവലേശം സംശയമില്ല.