കോതമംഗലം: സെപ്റ്റംബർ 10 വ്യാഴാഴ്ച ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം കോതമംഗലത്ത് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ വീടുകളിലുമാണ് ആഘോഷിക്കുന്നത്. “വീടൊരുക്കാം..വീണ്ടെടുക്കാം… വിശ്വശാന്തിയേകാം” എന്ന സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വീടുകൾ കേന്ദ്രീകരിച്ചാണ് കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലങ്ങൾ ആഘോഷിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി താലൂക്കിലെ വിവിധ ഗ്രാമകേന്ദ്രങ്ങളിലും ആയിരക്കണക്കിന് വീടുകളിലും പതാകകൾ ഉയർത്തി പതാക ദിനം നടന്നു. ശ്രീകൃഷ്ണജയത്തിയോടനുബന്ധിച്ച് ഓൺലൈനിലൂടെ ഗോകുലപ്രാർത്ഥന, ഭഗവദ് ഗീത , ജ്ഞാനപ്പാന, കൃഷ്ണഗീതം, കഥാകഥനം, പ്രശ്നോത്തരി , ചിത്രരചന, പദ്യംചൊല്ലൽ, ഏകാഭിനയം, കുട്ടിക്കവിത, ആംഗ്യപ്പാട്ട്, വേഷാഭിനയം, ഏകാംഗനൃത്തം, ഭജന, ഭാഗവതപാരായണം, ലഘുപ്രഭാഷണം , ഉപന്യാസം തുടങ്ങിയ കലാ മത്സരങ്ങൾ ബുധൻ വ്യാഴം ദിവസങ്ങലിൽ നടക്കും.
ശ്രീകൃഷ്ണജയന്തി ദിവസം രാവിലെ വീട്ടുമുറ്റം വൃന്ദാവനമാതൃകയിൽ പ്രകൃതി രമണീയമായി അലങ്കരിച്ച് മുറ്റത്ത് കൃഷ്ണപ്പൂക്കളം ഇടുകയും. ഉച്ചയ്ക്ക് വീടുകളിലെ കുട്ടികളെ കൃഷ്ണവേഷം കെട്ടിച്ച് അമ്മമാർ “കണ്ണനൂട്ട് ” നടത്തും. വൈകിട്ട് 4:30ന് കുട്ടികൾ കൃഷ്ണ, ഗോപികാവേഷങ്ങളും അണിഞ്ഞൊരുങ്ങി മുതിർന്നവർ കേരളീയവേഷവും ധരിച്ചുകൊണ്ട് 5:30 ആവുമ്പോൾ വീടുകളുടെ മുന്നിൽ കൃഷ്ണ വിഗ്രഹമോ, ഫോട്ടോയോ വച്ച് നിലവിളക്ക് കൊളുത്തി ദീപപ്രോജ്വലനം നടത്തും. അതിന് മുന്നിൽ അവിൽ പ്രസാദം നിവേദിക്കുന്നു. തുടർന്ന് കൃഷ്ണ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടുള്ള പ്രാർത്ഥന വീടുകളിൽ നടക്കും. 6.30 ആവുമ്പോൾ ദീപക്കാഴ്ച മൺചിരാതുകളിൽ ദീപം തെളിയിച്ച് ഭവനങ്ങൾ ദീപാലംകൃതമാക്കും. 7.00- ശാന്തി മന്ത്രത്തോടെ ആഘോഷങ്ങൾ അവസാനിക്കും.