കോതമംഗലം : പ്രതീക്ഷിച്ചിരിക്കാതെ ഉണ്ടായ വെള്ളം കയറൽ മുണ്ടുപാലം ഉൾപ്പടെ തൃക്കാരിയൂരിലെ പല താഴ്‌ന്ന ഭാഗങ്ങളേയും വീടുകളേയും കടകളേയും ഉൾപ്പടെ ദുരിതത്തിലാക്കി. തൃക്കാരിയൂർ വലിയ തോടും, മുണ്ടുപാലം തോടും കര കവിഞ്ഞ് ഒഴുകുകയാണ്. മുൻവർഷങ്ങളിലെ പോലെ തന്നെ തൃക്കാരിയൂരിലെ ഏതൊരാവശ്യത്തിനും വിളിച്ചാൽ വിളിപ്പുറത്തുള്ള സേവാഭാരതി പ്രവർത്തകർ ഇത്തവണയും പതിവു തെറ്റിച്ചില്ല. കോവിഡ് ഭീഷണി നില നിൽക്കുമ്പോഴും, വെള്ളം കയറി തുടങ്ങി എന്നറിഞ്ഞ സമയം മുതൽ ഈ നിമിഷം വരെ പകൽ എന്നോ രാത്രിയെന്നോ ഇല്ലാതെ ദുരിതത്തിൽപ്പെട്ടവർക്കൊപ്പം അവരെ സഹായിച്ച് കൂടെ നിൽക്കുന്നു.
സഹകരണ ബാങ്കിന്റെയും, പോസ്റ്റ് ഓഫീസിന്റെയും പിൻഭാഗത്തുള്ള വീടുകൾ, എൽ പി സ്കൂളിന് സമീപമുള്ള വീടുകൾ, തൃക്കാരിയൂർ കവലയിലെ പൊതു വിതരണ കേന്ദ്രം, കടകൾ, ബേക്കറികൾ തുടങ്ങി ഒട്ടനവധി ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുയാണ് . മിക്കവാറും വീടുകളുടെയും മുറ്റത്തും, കടകളുടെ മുന്നിലും വെള്ളം എത്തി നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രദേശത്ത് മുഴുവൻ വെള്ളം കയറി വൻ നാശനഷ്ടങ്ങൾ ആണുണ്ടായത്.
വെള്ളം കയറാനുള്ള സാഹചര്യത്തെ മുൻനിർത്തി സേവാഭാരതി പ്രവർത്തകർ എത്തി നാശം ഉണ്ടായേക്കാവുന്ന മുഴുവൻ സാധന സാമഗ്രികളും മറ്റും കടകളിൽ നിന്നും വീടുകളിൽ നിന്നും മാറ്റുകയും, വീട്ടുകാരും കച്ചവടക്കാരും സൂചിപ്പിച്ച സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തു. രോഗികളെയും പ്രായമായവരേയും, പക്ഷി മൃഗാദികളെയും വീട്ടുകാരുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കും ബന്ധു വീടുകളിലേക്കും മാറ്റി. സേവാഭാരതി തൃക്കാരിയൂരിൽ ഹെല്പ് ഡസ്ക്കും ആരംഭിച്ചു.