പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും മുറിയില്‍ പൂട്ടിയിട്ട് നഗ്നരാക്കി മര്‍ദ്ദിച്ചെന്നും റോഡില്‍ മുട്ടുകുത്തി നിര്‍ത്തിച്ച് പരസ്യമായി തലമൊട്ടയടിച്ചതായും യുവാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കണ്ടാലറിയുന്ന 6 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
കണ്ടന്തറയിലെ ടോപ്സ് സോഡാ കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലത്ത് എത്തിയതെന്നാണ് യുവാക്കളുടെ മൊഴി. നേരത്തെ ജോോലി ചെയ്ത പരിചയമുള്ളതിനാലാണ് കമ്പനിയിലെ സൂപ്പര്‍വൈസര്‍ വിളിപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടില്‍ പോയി മടങ്ങി വരാത്തതിനാലാണ് ജോലിക്കായി വിളിപ്പിച്ചത്. വൈകിട്ട് നാലരയോടെ ബൈക്കില്‍ എത്തിയ തങ്ങളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു.
മഞ്ഞപ്പെട്ടി സ്വദേശികളായ ആല്വിന്, അല്‍ഫാസ്, ഗോകുല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആദ്യം റോഡില്‍ വെച്ചും പിന്നീട് കമ്പനിയുടെ അകത്ത് കൊണ്ടുപോയി നഗനരാക്കി പരിശോധിച്ച ശേഷവും മര്‍ദ്ദിച്ചു. എന്നാല്‍ ലഹരി വസ്തുക്കളൊന്നും കിട്ടാതായപ്പോള്‍ റോഡിലേക്ക് കൊണ്ടുവന്ന് കാല്‍മുട്ടില്‍ ഇരുത്തി സമീപത്തെ കടയില്‍ നിന്ന് ബാര്‍ബറെ എത്തിച്ച് തലമൊട്ടയടിച്ചു.
ബന്ധുക്കള്‍ക്കൊപ്പം പിന്നീട് പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിയാണ് യുവാക്കള്‍ പരാതി നല്‍കിയത്. പ്രദേശവാസിയായ ഷമീര്‍ അടക്കമുള്ളവരെ തിരിച്ചറിഞ്ഞതായി പോലീസും വ്യക്തമാക്കി. മര്‍ദ്ദനമേറ്റ ആല്‍വില്‍ നേരത്തെ ലഹരി ഉപയോഗിച്ച കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഓപ്പറേഷന് തൂഫാന്റെ പേരില്‍ നാട്ടുകാര്‍ നിയമം കയ്യിലെടുക്കരുതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു




















































