കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം – കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ പൂർത്തിയാക്കുമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ വ്യക്തമാക്കിയത്. കാക്കനാട് നിന്ന് 55 കിലോമീറ്ററോളം ദൂരമുണ്ട് കോതമംഗലത്തേക്ക്.
തങ്കളം പാത വന്നാൽ ഇത് 27.32 കിലോമീറ്ററായി കുറയും.കഴിഞ്ഞമാസം 14ന് തിരുവനന്തപുരത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. നാലുവരി പാതയുടെ നിർമ്മാണത്തിന് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണം അടക്കമുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഷിബു തെക്കുപുറം പറഞ്ഞു.


















































