കോതമംഗലം : നിറപുത്തരിയോടനുബന്ധിച്ച് തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിമാരായ പ്രമോദ് നമ്പൂതിരി, വിജയൻ നമ്പൂതിരി, ശങ്കർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കതിർ നിറക്കുകയും തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നമുഴുവൻ ഭക്തർക്കും അവരുടെ വീടുകളിൽ നിറയ്ക്കുവാൻ ആവശ്യമായ കതിർ നൽകുകയും ചെയ്തു.
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ബിജു കളരിയ്ക്കൽ, ദേവസ്വം വാച്ചർ സുരേഷ് കിഴക്കേമഠം എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങിനാവശ്യമായ മുഴുവൻ നെൽക്കതിരുകളും കൊയ്തെടുത്ത് കൊണ്ടുവന്നത്.
നെല്ലിന്റെയും നെല്‍കൃഷിയുടേയും വിശുദ്ധിക്കും സത്യസന്ധതയ്ക്കും പ്രാമാണികതയ്ക്കും ഉദാത്ത സാക്ഷ്യമാണ് നിറപുത്തരി ആഘോഷം. കേവലമായൊരു ധാന്യവിള എന്നതിലുപരി നെല്ലും നെല്‍പാടങ്ങളും നെല്‍കൃഷിയും മറ്റും ഒരു കാര്‍ഷിക സംസ്‌കൃതിയുടെ സുവര്‍ണ മുദ്രകളായിരുന്നു. കാര്‍ഷിക സമ്പല്‍സമൃദ്ധിയിലേക്കുള്ള സമര്‍പ്പണത്തിന്റെയും പ്രാര്‍ത്ഥനയുടേയും ഓര്‍മ്മ പുതുക്കി നിറപുത്തരി ആഘോഷങ്ങള്‍ എല്ലാ വര്‍ഷവും തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്നു.
