കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റേയും ആയക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കാരിയൂർ എൻ.എസ്.എസ് യു.പി സ്കൂളിൽ കരനെൽ കൃഷിയാരംഭിച്ചു. കാർഷിക സംസ്കാരം കുട്ടികളിലൂടെ പകർന്ന് നൽകി വരും തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്ന ബൃഹത്തായ ലക്ഷ്യമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കരനെൽക്ക് കൃഷിക്ക് പുറമെ വിവിധങ്ങളായ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്യും. കൃഷിഭവനിൽ നിന്നും നൽകിയ ഉമ വിത്ത് ഉപയോഗിച്ചാണ് സ്കൂളിൻ്റെ പുറക് വശത്തെ അമ്പത് സെൻ്റ് സ്ഥലം കൃഷിയോഗ്യമാക്കിയത്.
കൃഷി വകുപ്പിൻ്റെ ജില്ലയിലെ മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന സ്കുളുകൾക്കുള്ള പുരസ്കാരം ഇതിന് മുമ്പ് തൃക്കാരിയൂർ യു.പി സ്കൂളിന് ലഭിച്ചിട്ടുണ്ട്. എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് സി.ആർ.ജയൻ്റ അദ്ധ്യക്ഷതയിൽ ചേർന്ന വിത്തിടൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു ഉത്ഘാടനംചെയ്തു. വൈസ് പ്രസിഡൻ്റ് ജെയ്സൺ ദാനിയേലും എൻ.എസ്.എസ് യൂണിയൻ താലൂക്ക് പ്രസിഡൻ്റ് നരേന്ദ്രൻനായരും മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ റ്റി.കെ കുമാരി, സ്കൂൾ ഹെഡ്മിസ്സസ് ജമ ടീച്ചർ, പി.ബാലൻ, രാധാമോഹനൻ, സ്കൂൾ കുട്ടികൾ, കരയോഗം ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
ഫോട്ടോ: ഞങ്ങളും കൃഷിയിലേക്ക് പിണ്ടിമന കൃഷിഭവനും ആയക്കാട് എൻ.എസ്.എസ് കരയോഗവും സംയുക്തമായി തൃക്കാരിയൂർ എൻ.എസ്.എസ് യു.പി സ്കൂളിൽ ആരംഭിച്ച കരനെൽകൃഷിയുടെ വിത്തിടൽ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി .സാജു ഉത്ഘാടനം ചെയ്യുന്നു.