കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ അമ്മയുമായ ദാക്ഷായണിയമ്മയും ചേർന്നാണ് ബാലഭവനിലെ പറമ്പിൽ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിവിധ കൃഷികൾ ചെയ്യുന്നത്. അതിൽ കദളിവാഴകൃഷിയാണ് വിളവെടുത്തത്. കുട്ടികളും ദാക്ഷായണിയമ്മയും ചേർന്ന് വഴക്കുലകൾ വെട്ടിയെടുത്തു. അത്യാവശ്യം വേണ്ട കുലകൾ പഴുപ്പിച്ചു കഴിക്കാൻ എടുത്ത് വച്ച ശേഷം ബാക്കിയുള്ള വാഴകുലകൾ വിതരണത്തിനായി നൽകുകയും ചെയ്തു.
