തൃക്കാരിയൂർ : ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എന്ന ഫലകം സ്ഥാപിച്ച ഹൈകോർട്ട്കവല -വളവ്കുഴി റോഡ് നിർമിച്ചതിന് പിന്നാലെ തകർന്നതിൽ പ്രതിഷേധം. പത്ത് ലക്ഷം രൂപ MLA ഫണ്ട് അനുവദിച്ച് നിയമസഭ ഇലക്ഷൻ മുന്നിൽ കണ്ട് വളരെ തിടുക്കത്തിൽ എന്തൊക്കെയോ പണികൾ ചെയ്ത് പൂർത്തിയാക്കി കൊട്ടി ഘോഷിച്ചുള്ള ഉത്‌ഘാടന മാമാങ്കവും നടത്തി ഫലകങ്ങളും സ്ഥാപിച്ച് പോയതിന് പിന്നാലെത്തന്നെ റോഡ് തകർന്നു. ഇന്റർ ലോക്ക് വിരിച്ച ഭാഗത്തേയെല്ലാം കട്ടകൾ ഇളകി പുറത്തേക്ക് വന്ന് റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു. ഇന്റർ ലോക്കിന് അടിയിൽ വില കുറഞ്ഞ വേയ്സ്റ്റ് മണലും, നിലവാരമില്ലാത്ത മിറ്റലുമിട്ടത് കൊണ്ട്, മഴയത്ത് മണലും മിറ്റലും ഒലിച്ച് പോയി കട്ട പൊങ്ങി വന്നിരിക്കുന്നു. കാൽനട യാത്രക്കരും, വാഹന യാത്രക്കാരും ഇതിലെ പോകുമ്പോൾ ഇന്റർ ലോക് കട്ടകൾ ഇളകി പിടക്കുകയാണ്.
റോഡ് നിർമ്മച്ച് നിസ്സാര ദിവസങ്ങൾ ആയപ്പോഴേക്കും റോഡ് തകർന്നതിൻ മേലും , റോഡ് നിർമ്മാണത്തിന് പിന്നിലെ തട്ടി കൂട്ട് പണികളിൽമേലും അന്വേഷണം നടത്തണമെന്നും, MLA സ്ഥലം സന്ദർശിച്ച് റോഡ് ഉടൻ പുനരുദ്ധരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരും ഹിന്ദു ഐക്യവേദിയും തൃക്കാരിയൂർ ഹൈകോർട്ട് കവലയിൽ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി വി എം മണി ഉത്‌ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണൻ, സനൽ പുത്തൻപുരക്കൽ, തൃക്കാരിയൂരിലെ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളായ ഉണ്ണികൃഷ്ണൻ മാങ്ങോട്ട്, പി പ്രദീപ്, പി തങ്കപ്പൻ, മോഹനൻ ചന്ദ്രത്തിൽ, സന്ധ്യ സുനിൽ, അനു രാജേഷ് എന്നിവർ പ്രതിഷേധ സമരത്തിൽ സംസാരിച്ചു.