Connect with us

Hi, what are you looking for?

NEWS

കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണി

 

കവളങ്ങാട്:കാലവര്‍ഷമെത്തിയിട്ടും കാളിയാര്‍ പുഴയില്‍ പറമ്പഞ്ചേരി തടയണയിലെ പലകകള്‍ നീക്കാത്തത് ഭീഷണിയായി. മഴ കനത്താല്‍ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയോടൊപ്പം ശുദ്ധജലപദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുമെന്നാണ് ആശങ്ക.വേനല്‍ക്കാലത്ത് ജലലഭ്യതയ്ക്കായി പുഴകളിലും തോടുകളിലുമുള്ള തടയണകളിലെ പലകകള്‍ കാലവര്‍ഷം ആരംഭിക്കുന്നതിനുമുമ്പേ നീക്കം ചെയ്യും.

മറ്റിടങ്ങളില്‍ തടയണ പൊളിച്ചുവിട്ടപ്പോഴും പറമ്പഞ്ചേരിയില്‍മാത്രം പലകകള്‍ നീക്കാന്‍ ജലഅതോറിറ്റി തയ്യാറായില്ല. തടയണയില്‍ മണ്ണും ചെളിയും മറ്റു മാലിന്യങ്ങളും നിറഞ്ഞ് സംഭരണശേഷി തീരെ ഇല്ലാതായി.

അടിഞ്ഞുകൂടിയ ചെളിയും മറ്റു മാലിന്യങ്ങളും പലകകള്‍ നീക്കിയാല്‍ ഒഴുകിപ്പോകും. തടയണയുടെ സമീപം പുഴയുടെ ഇരുകരകളിലുമാണ് പോത്താനിക്കാട്, ആയവന ശുദ്ധജലപദ്ധതികളുടെ പമ്പ് ഹൗസും കിണറുകളുമുള്ളത്. തടയണയില്‍ നിറഞ്ഞ ചെളി കിണറുകളിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയാണ്. ഇതു പമ്പിങ്ങിനെ ബാധിച്ചേക്കും.

മണ്ണും ചെളിയും വന്ന് നികന്നതിനാല്‍ തടയണയുടെ മുകളിലേക്ക് പുഴയുടെ അടിത്തട്ട് ഉയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ കാലവര്‍ഷം കനക്കുമ്പോള്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. പുഴയോരത്തും കൈവഴികളായെത്തുന്ന തോടുകളുടെ സമീപത്തുമുള്ള താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയേറും. ജലഅതോറിറ്റി വാഴക്കുളം സെക്ഷന്റെ നിയന്ത്രണത്തിലാണ് തടയണ.

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പലകകള്‍ നീക്കാന്‍ നടപടിയുണ്ടായില്ല. ആശങ്ക അകറ്റാന്‍ അടിയന്തരനടപടി വേണമെന്നാണ് ആവശ്യം.

You May Also Like

error: Content is protected !!