കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ്
ലിസി ജോളി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഉഷ ശിവന്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്.
പഞ്ചായത്തില്‍ യുഡിഎഫ് ഭരണം അട്ടിമറിച്ചാണ് വിമത കോണ്‍ഗ്രസുകാര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണം പിടിച്ചത്.കോണ്‍ഗ്രസിന്റെ വിപ്പ് ലംഘിച്ചാണ് സിബി മാത്യു,ലിസി ജോളി,ഉഷ ശിവന്‍ എന്നിവര്‍ എല്‍ഡിഎഫിനൊപ്പം ചേരുകയും ഭരണത്തിലെത്തുകയും ചെയ്തത്.അതുവരെ പ്രസിഡന്റായിരുന്ന സൈജന്റ് ചാക്കോ,കോണ്‍ഗ്രസിലെ ധാരണപ്രകാരം രാജിവച്ചശേഷമുണ്ടായ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കൂറുമാറ്റമുണ്ടായത്.18 അംഗ ഭരണസമിതിയില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഏട്ട് അംഗങ്ങളുമാണുണ്ടായിരുന്നത്.
2023 ആഗസ്റ്റ് എട്ടിന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിബി മാത്യുവും ലിസി ജോളിയും ഉഷ ശിവനും എത്തിയതോടെ എല്‍ഡിഎഫിന്റെ അംഗബലം പതിനൊന്ന് ആകുകയും ഭരണം നേടുകയും ആയിരുന്നു. വിപ്പ് ലംഘനത്തിന്റെ വ്യക്തമായ തെളിവുകളുമായാണ് മുന്‍ പ്രസിഡന്റ് സൈജന്റ് ചാക്കോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.പരാതി നല്‍കി രണ്ട് വര്‍ഷമാകാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അയോഗ്യരാക്കികൊണ്ടുള്ള വിധിയുണ്ടായത്.ഭരണസമിതിയിലെ അംഗങ്ങളുടെ എണ്ണം പതിനഞ്ചായി ചുരുങ്ങുമ്പോഴും ഭൂരിപക്ഷം എല്‍ഡിഎഫിന് തന്നെയാകും.എട്ട് അംഗങ്ങള്‍ എല്‍ഡിഎഫിന് ഇപ്പോഴുണ്ട്. യുഡിഎഫിന് ഏഴ് അംഗങ്ങള്‍ മാത്രമാണുള്ളത്.ഇതുമൂലം ഭരണത്തില്‍ തുടരാന്‍ എല്‍ഡിഎഫിന് കഴിയും.
അയോഗ്യരാക്കപ്പെട്ടവര്‍ കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചില്ലെങ്കില്‍ അടുത്ത രണ്ട് തെരഞ്ഞെടുപ്പിലും ഊ മൂന്ന് പേര്‍ക്കും മത്സരിക്കാനാവില്ല.അടുത്ത പ്രസിഡന്‍ര് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ വികസന സ്ഥിരം സമിതി ചെയര്‍മാനായ സിപിഐയിലെ റ്റി. എച്ച് .നൗഷാദ് പ്രസിഡന്റിന്റെ ചുമതല വഹിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെകാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അയോഗ്യരാക്കപ്പെട്ടവരുടെ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ല.
