കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു .
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശുപാർശ ചെയ്യും.ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കുവാനും ഇന്നത്തെ യോഗം തീരുമാനിച്ചതായും എം എൽ എ പറഞ്ഞു.ഈ മാസം 9 ന് ദേശീയ വന്യ ജീവി ബോർഡ് യോഗം പരിഗണിക്കാനായാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.