കോതമംഗലം :- ആകർഷകമായി നിരത്തി വച്ചിരിക്കുന്ന മുട്ടയും, പച്ചക്കറിയും, കപ്പയും അതിലേറെ കൗതുകകരമായ ഒരു ബോർഡും ശ്രദ്ധയിൽ പെട്ടപ്പോഴാണ് വാഹനം നിർത്തി ഞാൻ ആ ഉന്തു വണ്ടിക്കടുത്തെത്തിയത് , കടയുടമയെ നല്ല മുഖംപരിചയം തോന്നി അൽപ സമയത്തെ സംസാരത്തിലൂടെയാണ് അത് ഷിയാസാണെന്നു മനസ്സിലായത്.
ഒട്ടേറെ സ്വപ്നങ്ങളുമായിയല്ലേ ഓരോരുത്തരും ഡിഗ്രി പഠനവും മറ്റും പൂർത്തിയാക്കുന്നത്. നെല്ലിക്കുഴി കമ്പനിപടി സ്വദേശി ശ്രീ. ഷിയാസ്.എം വളരെ പ്രതീക്ഷയോടെയാണ്, തന്റെ ബി. എസ്. സി പെട്രോകെമിക്കൽ ബിരുദം പൂർത്തിയാക്കിയത്. ഗൾഫിൽ ജോലി തരപ്പെട്ടെങ്കിലും ബിരുദത്തെക്കാൾ ടെക്നിക്കൽ ഡിപ്ലോമക്കാണ് സാധ്യതയും ശമ്പളവും കൂടുതലെന്നു മനസ്സിലായതോടെ മൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കോതമംഗലത്തു തിരിച്ചെത്തി.
നാട്ടിൽ ഒരു നല്ല ജോലിക്കായി ഒരു പാട് ശ്രമിച്ചെങ്കിലും ഒന്നുംതരമാകാതെ വന്നപ്പോഴാണ് കുടുംബം പുലർത്താൻ എന്തെങ്കിലും സ്വയം തൊഴിൽ ചെയ്യാമെന്ന ആഗ്രഹത്തിൽ ചില സുഹൃത്തുക്കളുടെ സഹായത്താൽ കോതമംഗലം ബസ്സ്സ്റ്റാൻഡിൽ ബസ്സുകൾ തോറും കയറിയിറങ്ങി പുസ്തകങ്ങൾ , ജ്യൂസ്,കുടിവെള്ള കുപ്പികൾ എന്നിവയുടെ കച്ചവടം തുടങ്ങിയത്. കുറെയേറെനാൾ ഓരോ ബസ്സിലും കയറിയിറങ്ങിയ ഈ ചെറുപ്പക്കാരൻ ബസ്സ് യാത്രക്കാർക്ക് ചിര പരിചിതനായിരുന്നു. കോവിഡ് ഭീഷണിയാൽ യാത്രക്കാർ കുറഞ്ഞതോടെ ബസ്സിലെ കച്ചവടം വലിയ നക്ഷ്ടത്തിലായി.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം പുലർത്തുവനായി ഇനി ഈ കോവിഡ് കാലതെന്തു ചെയ്യണം എന്ന തോന്നലിൽ നിന്നാണ് കുറച്ചു നാൾ മുൻപ് തങ്കളത്തു നിന്നും തൃക്കാരിയൂർ പോകുന്ന വഴിയരികിൽ തന്റെ പഴയ ബൈക്കിനു മുകളിൽ ഒരു തട്ടുണ്ടാക്കി ഷിയാസ് മുട്ട കച്ചവടം തുടങ്ങിയത്.
മുട്ട കച്ചവടം കൊണ്ടു മാത്രം ജീവിതം മുന്നോട്ട് പോകില്ലെന്ന തിരിച്ചറിവിലാണ് അടുത്തയിടെ ഒരു ചെറിയ ഉന്തു വണ്ടി വാങ്ങിച്ചതും മുട്ടയും, പഴവും, പച്ചക്കറിയും, പിന്നെ ബൈക്കിന് മുകളിൽ കപ്പയും മറ്റുമായി തന്റെ വഴിയോര കച്ചവടം തങ്കളത്തിനടുത്തേക്ക് മാറ്റുകയാണ് ഉണ്ടായത്.
‘ഷോപ്പിംഗ് ഒരു വേറിട്ട അനുഭവമാക്കുന്നു ‘ ഇങ്ങനൊരു കൗതുകകരമായ ഒരു ബോർഡ് ആ ഉന്തു വണ്ടിയിൽ ഇപ്പോൾ കാണാം,ഇങ്ങനൊരു ബോർഡുക്കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നു ചോദിച്ചപ്പോൾ, പണ്ട് എറണാകുളം ലുലു മാളിൽ പോയപ്പോൾ കണ്ട വാചകമാണിതെന്നും എന്റെ ഒരേ ഒരു ലുലു മാളാണ് ഈ ഉന്തു വണ്ടി…..,പിന്നെ വിലകുറച്ചു നല്ല സാധനങ്ങൾ ഉപഭോക്താവിന് നൽകുകയെന്ന തീരുമാനവും,ജനങ്ങൾ ഈ ബോർഡ് കണ്ട് വണ്ടി നിർത്തി സാധനങ്ങൾ വാങ്ങാനുള്ള സാധ്യതയും ..അത്ര മാത്രമെന്നു ചിരിച്ചു കൊണ്ട് ഷിയാസ് പറഞ്ഞു. ‘കൊറോണ വരാതിരിക്കാൻ മാസ്ക് ധരിക്കുക ‘എന്നെഴുതി വച്ചു പച്ചക്കറി, മുട്ട എന്നിവയുടെ കൂടെ മാസ്കും വില്പനക്കായി വച്ചിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.
സ്വന്തം കുടുംബത്തിനായി അധ്വാനിച്ചു, തന്റെ ഉന്തുവണ്ടിയിലും ബൈക്കിലുമായി വഴിയോര കച്ചവടം തുടരുകയാണ് ഈ ബിരുദധാരിയായ ചെറുപ്പക്കാരൻ.കച്ചവടം നന്നായി വരട്ടെയെന്ന് ആശംസിച്ചു കുറച്ചു പച്ചക്കറി വാങ്ങി യാത്ര പറഞ്ഞു ഞാനിറങ്ങുമ്പോൾ, മുട്ടക്കെന്താണ് വിലയെന്നു ചോദിച്ചു അടുത്തയാൾ വാഹനം നിർത്തി കഴിഞ്ഞു, ഷിയാസ് വീണ്ടും തിരക്കിലാണ്, മഴയോ വെയിലോ വക വെക്കാതെ തന്റെ ലുലു മാൾ ലാഭത്തിലാക്കി കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനായി.
ഇതു പോലെ ജീവിക്കാനായി ചെറുതും വ്യത്യസ്ഥവുമായ തൊഴിൽ ചെയ്യുന്ന കുറെയേറെ ബിരുദവും, ബിരുധാ നന്ദര ബിരുദവും കഴിഞ്ഞ കുറെ യുവാക്കളെ ഇപ്പോൾ കോതമംഗലത്തെ നിരത്തുകളിൽ കാണാം. സ്വന്തം ജീവിതം കെട്ടിപ്പെടുക്കാൻ നല്ല രീതിയിൽ കഷ്ടപ്പെടുന്ന തൊഴിലിൽ അഭിമാനം കൊള്ളുന്ന മറ്റുള്ളവർക്ക് മാതൃകയായ കുറെയേറെ പേർ.