കോതമംഗലം: മാർത്തോമ ചെറിയ പള്ളിയുടെ കീഴിലുള്ള എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന ടെക് ഒളിംപ്യാഡ് ’22 ന്റെ പ്രചരണാർത്ഥം കോതമംഗലം ടൗണിൽ പ്രചാരണ ബൈക്ക് റാലി സംഘടിപ്പിച്ചു. നവംബർ 18, 19 തീയതികളിൽ നടക്കുന്ന ഒളിംപ്യാഡ് ’22 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന വിവിധ മത്സരങ്ങളും കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും കൂടാതെ മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെട്ട സ്ഥാപനങ്ങളുടെ ശാസ്ത്ര സാങ്കേതിക പ്രദർശനവും.
കറുകടം സെന്റ് മേരിസ് പബ്ലിക് സ്കൂളിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ സെക്രട്ടറി പ്രഫ. പി ഐ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. സെന്റ് മേരിസ് പബ്ലിക് സ്കൂൾ മാനേജർ കെ പി ജോർജ് അധ്യക്ഷനായിരുന്നു. എംബിറ്റ്‌സ് കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ, എംബിറ്റ്‌സ് കോളേജ് ചെയർമാൻ പി വി പൗലോസ്, കോളേജ് ട്രെഷറർ സി കെ ബാബു, എംബിറ്റ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ, ബോർഡ് മെമ്പർമാരായ പ്രീറ്റ്സി പോൾ, എബി പൊട്ടക്കൽ ടെക് ഒളിംപ്യാഡ്’22 ജനറൽ കൺവീനർ പ്രഫ. നിധീഷ് എൽദോ ബേബി, ജോയിന്റ് കൺവീനർ പ്രഫ. തോമസ് ജോർജ് എന്നിവർ സംസാരിച്ചു. സെന്റ് മേരിസ് സ്‌കൂൾ പ്രിൻസിപ്പൽ അലിൻ അബ്രഹാം സ്വാഗതവും, ഡോ. പൗലോസ് പൗലോസ് നന്ദിയും പറഞ്ഞു.
ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ രണ്ട് കാറ്റഗറിയിൽ പ്രോജക്ട് മത്സരം, പാഴ്‌വസ്തുക്കളിൽ നിന്നും പുനരുപയോഗം ചെയ്യുന്ന വേസ്റ്റ് ക്രാഫ്റ്റ് , നൂതന ആശയങ്ങളെ പരിചയപ്പെടുത്തുന്ന ഐഡിയ തോൺ, ലെയത് മാസ്റ്റർ, പോസ്റ്റർ ഡിസൈൻ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും 15000 രൂപ ഒന്നാം സമ്മാനം 7000 രൂപ രണ്ടാം സമ്മാനം 3000 രൂപ മൂന്നാം സമ്മാനം എന്നിങ്ങനെ ക്യാഷ് പ്രൈസും മൊത്തം മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന നാല് സ്കൂളുകൾക്ക് അമ്പതിനായിരം രൂപ, 25000 രൂപ, 15000 രൂപ, 10000 രൂപ സമ്മാനവും നൽകുന്നതാണ്.
ടെക് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള പ്രദർശനത്തിൽ ഐഎസ്ആർഒ സ്പേസ് എക്സ്പോ, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ), കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ട്, കെ എസ് ആർ ടി സി, കെ എസ് ഇ ബി, ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസ്, തോക്കുകളും ഡോഗ് സ്‌ക്വാഡിനെയും പരിചയപ്പെടുത്തുന്ന കേരളാ പോലീസ് പ്രദർശനം. കെൽ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ കൺസേഡ് ഇന്റർനാഷണൽ, നേര്യമംഗലം കൃഷി ഫാം, റെൻവോൾട് എനർജി സൊല്യൂഷൻസ്, ബോഷ്, കാർച്ചർ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉൾപ്പെട്ട മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, മാർ ബസേലിയോസ് ഡെന്റൽ കോളേജ്, മാർ ബസേലിയോസ് സ്കൂൾ ഓഫ് നേഴ്സിങ്, മാർ ബസേലിയോസ് കോളേജ് ഓഫ് നേഴ്സിങ്, സെന്റ് മേരിസ് പബ്ലിക് സ്കൂൾ, എംബിറ്റ്‌സ് എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ പ്രദർശനവും ഉണ്ടായിരിക്കും. കൂടാതെ, ആധുനിക വാഹനങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടോ ഷോ, റിമോട് കണ്ട്രോൾ വാഹനങ്ങളുടെ പ്രദർശനവും, ഡ്രോൺ എക്സ്പോ, ദൃശ്യ മാധ്യമ രംഗത്തെ നൂതന ആശയമായ ഓഗ്മെന്റഡ് റിയാലിറ്റി, വിർച്യുൽ റിയാലിറ്റി, വിവിധ ഇനം തോക്കുകൾ പരിചയപ്പെടുത്തുന്ന വീനസ് ആർമറി, ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രദർശനവും നടക്കും. നവംബർ 18 , 19 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പ്രദർശനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്.