കോതമംഗലം : പഠനത്തോടൊപ്പം കൃഷിയും, മൃഗപരിപാലനവും ഒപ്പം കൊണ്ടു നടക്കുന്ന ഒരു വിദ്യാർത്ഥി സംരംഭകൻ ഉണ്ട് കോതമംഗത്ത്. ഊന്നുകൽ മലയിൽ തോമസ്കുട്ടിയുടെയും, മാഗിയുടെയും ഏകമകനായ മാത്യു ആണ് പോത്ത് വളർത്തലിൽ പുതു ചരിത്രം രചിക്കുന്നത്. വീടിനോട് ചേർന്നുള്ള ഫാമിൽ 32 മുന്തിയ ഇനം മുറ പോത്തുകളെയാണ് മാത്യു വളർത്തുന്നത്. ഒരു മാസം മുന്നേയാണ് പോത്ത് വളർത്തലിലേക്ക് ഈ യുവ വിദ്യാർത്ഥി സംരംഭകൻ തിരിഞ്ഞത്. അതിനുള്ള പ്രചോദനം മാതാപിതാക്കൾ നടത്തുന്ന പൗൾട്ടറി ഫാമും. ഇരുപതിനായിരത്തിൽ പരം ഇറച്ചി കോഴികളാണ് ആ ഫാമിൽ വളരുന്നത്. അതിന്റെ മേൽനോട്ടം അമ്മ മാഗി ക്കു തന്നെ. അതിനേക്കാൾ മികച്ച ലാഭം പോത്തു വളർത്തി വിറ്റാൽ കിട്ടും എന്ന് ഈ കുട്ടി സംരംഭകന്റെ സാക്ഷ്യം.
ഹരിയാനയിൽ നിന്നാണ് പോത്തുകളെ കൊണ്ടു വരുന്നത്. 8 മാസം മുതൽ 1 വയസ്സുവരെയുള്ള പോത്തുകൾ മാത്യു വിന്റെ ഫാമിൽ ഉണ്ട്. അവക്ക് 120 മുതൽ 180 വരെ തൂക്കവും . സൂപ്പർ നപ്പേർ തീറ്റ പുല്ലും,കൃഷി കഴിഞ്ഞു നശിപ്പിച്ചു കളയുന്ന പൈനാപ്പിൾ പോളകളും, വൈക്കോലും ആണ് തീറ്റയായി മാത്യു നൽകുന്നത്. തീറ്റപ്പുൽ സ്വന്തമായി കൃഷി ചെയ്യുകയാണ്. അതിനുള്ള വളമായി മുറയുടെ ചാണകവും മൂത്രവുംഉപയോഗിക്കുന്നു. മുറ പോത്തിന്റെ ഒരു ലിറ്റർ മൂത്രം അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി വീട്ടിലെ ചെടികൾക്കും, റംബൂട്ടാൻ പ്ലാവ്, മാവ് എന്നിവക്ക് ഒഴിക്കുന്നത് വഴി നല്ല കായ് ഫലം ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. സ്വന്തമായി തീറ്റപുൽ കൃഷിയും,പൈനാപ്പിൾ കൃഷിയും ഉള്ളതുകൊണ്ട് ഏകദേശം 50 രൂപയിൽ താഴെ മാത്രമേ ഒരു ദിവസം തീറ്റയിനത്തിൽ ചിലവ് വരുന്നുള്ളു എന്നും പറയുന്നു. വ്യാവസായിക അടിസ്ഥാനത്തിൽ യന്ത്ര സഹായത്തോടെ ഇവയുടെ ചാണകം പാക്ക് ചെയ്ത് നഴ്സറികൾക്കും, ആവശ്യക്കാർക്കും വിൽക്കുവാനുമുള്ള പദ്ധതി യും ഇദ്ദേഹത്തിനുണ്ട്.
അധികം അധ്വാന ഭാരമോ, നഷ്ട്ട സാധ്യതയോ ഇല്ലാ എന്നുള്ളതും, തീറ്റ ചിലവ് ഉൾപ്പെടെയുള്ള പരിപാലിക്കുന്ന ചിലവും നന്നേ കുറവ് എന്നുള്ളതു മാണ് പോത്ത് വളർത്തലിലേക്ക് ഈ 23കാരനെ ആകർഷിച്ചത്. ഒപ്പം വിപണി സാധ്യതഏറെയും. പെട്ടന്ന് ശരീര തൂക്കം കൂടുമെന്നതും, രോഗ പ്രതിരോധ ശേഷി കൂടുതൽ എന്നുള്ളതും മുറ പോത്തുകളുടെ പ്രത്യകതയാണ്. മലയാളികൾ പൊതുവെ മാംസാഹാരപ്രിയർ ആയത് കൊണ്ട് പോത്ത് മാംസത്തിന് നല്ല വിപണന സാധ്യതയാണ്. അതുകൊണ്ട് തന്നെയാണ് വാണിജ്യാടിസ്ഥാനത്തിൽ തന്നെ പോത്ത് വളർത്തലിലേക്ക് ഇദ്ദേഹം തിരിഞ്ഞതും. നിരവധി പേരാണ് പോത്തിനെ വാങ്ങുവാൻ ഊന്നുകല്ലിലെ മാത്യു വിന്റെ ഫാമിൽ എത്തുന്നത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബയോസയൻസ് രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ മാത്യു, ഇനിയുള്ള പഠനചിലവിലുള്ള തുകയും, സ്വന്തം കാര്യങ്ങൾ നിവർത്തിക്കുന്നതിനുള്ള തുകയും എല്ലാം ഇതിൽ നിന്ന് കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. പുതു തലമുറക്ക് ഒരു പ്രചോദനവും, മാതൃകയും ആണ് ഈ ചെറുപ്പക്കാരൻ.