- ദീപു ശാന്താറാം
കോതമംഗലം: കടിച്ച് കൊല്ലാൻ വന്ന തെരുവ് നായയെ ധൈര്യസമേതം കീഴ്പ്പെടുത്തി വൃദ്ധയായ പാത്തുമ്മ. തനിക്ക് നേരെ ആക്രമിച്ച നായയെ ഏറെ നേരം ബലപ്രയോഗത്തിലൂടെ ചെറുത്ത് തോൽപ്പിച്ചാണ് നെല്ലിക്കുഴി കുറ്റിലഞ്ഞി പുത്തൻപുരക്കൽ പാത്തുമ്മ സ്വന്തം ജീവൻ രക്ഷിച്ചത്. അയൽവാസി എത്തുന്നതു വരെ കടിയേറ്റ് ചോര ചീറ്റുന്ന കൈകൾ കൊണ്ട് നായയെ അമർത്തി ശ്വാസം അടക്കിപ്പിടിച്ചു കിടക്കുകയായിരുന്നു 61കാരിയായ പാത്തുമ്മ. രണ്ട് കാലിലും കൈകളിലും നായ കടിച്ചു പറിച്ചു, നായതന്നെ കൊല്ലുമെന്ന് ഉറപ്പായതോടെ ധൈര്യം സംഭരിച്ച് ബലപരീക്ഷണത്തിനൊരുങ്ങുകയായിരുന്നു ഈ വയോധിക. നിരവധി പേർക്ക് സമാന രീതിയിൽ ഈ നായയുടെ കടിയേറ്റ് പരിക്കുപറ്റി ചികിത്സയിലുണ്ട്.
കുറ്റിലഞ്ഞി സ്വദേശിനിയും ആരോഗ്യ പ്രവർത്തകയുമായ സന്ധ്യ ബാബുവിനും ഈനായയുടെ കടിയേറ്റ് ഇരുകാലുകൾക്കും സാരമായ പരിക്കേറ്റിരുന്നു. വഴിയാത്രക്കാരനായ ജീപ്പ് ഡൈവറാണ് സന്ധ്യയെ രക്ഷപ്പെടുത്തിയത്. കുറ്റിലഞ്ഞി സ്വദേശിനി സരോജനിക്കും നായയുടെ ക്രൂര ആക്രമണത്തിന് വിധേയമായി. സരോജനിയുടെ വലത് കൈവിരലാണ് നായ കടിച്ചെടുത്തത്. മൂന്നാറിലേക്ക് വിനോദയാത്രക്ക് പോയ തൃശൂർ സ്വദേശി യുവാവിൻ്റെ കാൽ വിരൽ പ്രദേശത്ത് വച്ച് നായ കടിച്ചെടുത്തിരുന്നു.ചൊവ്വാഴ്ച രാവിലെ നായയുടെ ആക്രമണത്തിൽ ഗുരുതരമായി മുഖത്ത് പരിക്കേറ്റ മദ്രസ വിദ്യാർഥി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഫോട്ടോ: അക്രമകാരിയായ തെരുവ് നായയെ ബലപ്രയോഗത്തിലൂടെ ചെറുത്ത് തോൽപ്പിച്ച
നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശിനി പാത്തുമ്മ