കോതമംഗലം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ, തൃക്കാരിയൂർ സബ് ഗ്രൂപ്പ് ഓഫീസറോട് തൃക്കാരിയൂരും പരിസരപ്രദേശങ്ങളിലുമുള്ള ഭക്തജനങ്ങൾ എന്ത് തെറ്റാണു ചെയ്തത്. പാവപ്പെട്ട ഭക്ത ജനങ്ങളെ നിങ്ങൾ എന്തിന് ബുദ്ധിമുട്ടിൽക്കുന്നു എന്ന ചോദ്യവുമായി നാട്ടുകാരും ഭക്ത ജനങ്ങളും രംഗത്ത്. സർക്കാരിന്റെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മാറി മാറി വരുന്ന വരുന്ന ഓഫീസർമാരുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം മൂലം തൃക്കാരിയൂർ ക്ഷേത്രത്തിനും അതു വഴി തൃക്കാരിയൂരെന്ന നാടിനും ഉണ്ടാവുന്ന പേരുദോഷമുണ്ടാകുന്നു.
തൃക്കാരിയൂരമ്പലത്തിൽ സ്ഥിരമായി വരുന്ന തൃക്കാരിയൂരുകാരനായ ഒരു ഭക്തൻ തന്റെ അനുഭവം കോതമംഗലം വാർത്തയോട് വിവരിച്ചു. തന്റെ കുട്ടിയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താമെന്ന് നേർന്നതിന്റെ അടിസ്ഥാനത്തിൽ, സബ് ഗ്രൂപ്പ് ഓഫീസിൽ എത്തി കോവിഡ് പ്രോട്ടൊക്കോൾ പൂർണ്ണമായി പാലിച്ചു കൊണ്ട് വിവാഹം നടത്തുന്നതിന് സബ് ഗ്രൂപ്പ് ഓഫീസറോട് അനുമതി തേടി. എന്നാൽ, SSLC ബുക്ക് വേണം ഇല്ലെങ്കിൽ ഇവിടെ വിവാഹം നടത്താൻ സാധിക്കില്ല എന്നതാണ് ദേവസ്വം ബോർഡ് നിയമമെന്നാണ് സബ്ഗ്രൂപ്പ് ഓഫീസർ പറയുന്നത് . SSLC ബുക്ക് ഇപ്പോൾ കയ്യിൽ ഇല്ല, ഉന്നത പഠന ആവശ്യമുമായി ബന്ധപ്പെട്ടുള്ള കാര്യത്തിന് യൂണിവേഴ്സിറ്റിയിലേക്ക് കൈമാറിയിരിക്കുകയാണ്.കോപ്പി എടുത്ത് വയ്ക്കാനും സാധിച്ചില്ല, തന്റെ കയ്യിൽ കുട്ടിയുടെ ഡ്രൈവിംഗ് ലൈസൻസ്, ആധാർകാർഡ്, വോട്ടേഴ്സ് ഐഡി, പാസ്പോർട്ട് ഇന്നിവയുണ്ട് , വിവാഹം നടത്താൻ അനുമതി നൽകണമെന്ന് ഭക്തൻ ആവശ്യപ്പെട്ടപ്പോൾ, സബ് ഗ്രൂപ്പ് ഓഫീസർ, SSLC ബുക്കില്ലാതെ ഇവിടെ കല്യാണം നടത്താൻ സാധിക്കില്ലെന്നും, പറഞ്ഞ് വളരെ മോശമായ രീതിയിൽ ആ തൃക്കാരിയൂരപ്പ ഭക്തനെ ഓഫീസിൽ നിന്നും അപമാനിച്ച് ഇറക്കി വിടുന്ന സാഹചര്യമുണ്ടായി. നിശ്ചയിച്ച സമയത്ത് ക്ഷേത്രത്തിൽ വച്ചു തന്നെ വിവാഹം നടത്താൻ അനുമതി തേടി അദ്ദേഹമിപ്പോൾ തൃക്കാരിയൂർ ഗ്രൂപ്പ് ദേവസ്വം കമ്മീഷണറെ കാണാൻ ഓടി നടക്കുകായാണ്.
ഭക്തർക്ക് അറിയേണ്ട കാര്യമിതാണ്, തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ പത്താം ക്ലാസ് വരെ പഠിക്കാൻ സാധിക്കാത്ത ഒരാൾ വന്നാൽ കല്യാണം നടത്താൻ സാധിക്കില്ലേ??? വയസ്സും ജനനത്തീയതിയും തെളിയിക്കാനാവശ്യമായ മുഴുവൻ രേഖകളും കയ്യിൽ ഉണ്ടെന്നിരിക്കെ, അതൊന്നും പോരാ, SSLC ബുക്ക് ഉള്ളവർക്ക് മാത്രമാണ് അമ്പലത്തിൽ വിവാഹം നടത്താൻ സാധിക്കുകയുള്ളൂ എന്ന നിലപാട് ശരിയാണോ?, എന്നാണ് ഭക്തർ ചോദിക്കുന്നത്.
സർക്കാരിന്റെ ദേവസ്വം ബോർഡിൻറെ ഇപ്പോൾ നിയമിതനായിട്ടുള്ള സബ്ഗ്രൂപ്പ് ഓഫീസർ, വിവാഹ സർട്ടിഫിക്കറ്റ് പോലെ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ഭക്തജനങ്ങളെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഓഫീസിൽ നിരവധി തവണ കയറ്റിയിറക്കുന്നതും , തയ്യാറായ വിവാഹ സർട്ടിഫിക്കറ്റുകൾ പോലും ഒപ്പിട്ട് കൊടുക്കാതെ മന:പ്പൂർവ്വം വൈകിപ്പിക്കുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിപാവനമായ തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തെ തനി സർക്കാർ ഓഫീസാക്കി മാറ്റി ക്ഷേത്രത്തിനു തന്നെ കളങ്കം വരുത്തുന്ന ഇത്തരം ധാർഷ്ട്യമായ പ്രവൃത്തികളുമായി സബ്ഗ്രൂപ്പ് ഓഫീസർ മുന്നോട്ടു പോയാൽ ഭക്തജനങ്ങളെ ചേർത്ത് സബ്ഗ്രൂപ്പ് ഓഫീസർക്കെതിരെ ജനകീയ പ്രതിഷേധവുമായി ദേവസ്വം ഓഫീസിന് മുന്നിലേക്ക് ഇറങ്ങേണ്ടി വരുമെന്നും വിവിധ ഹിന്ദുസംഘടനകളുമായി ഈ വിഷയത്തിൽ ചർച്ച ചെയ്ത് വരികയാണെന്നും ഭക്തജനസമിതി അറിയിച്ചു.