കോതമംഗലം: സുപ്രീം കോടതിയുടെ വിധി മറയാക്കി യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളികൾ പിടിച്ചെടുക്കുകയും, ആ പള്ളി ഇടവകയിലെ യാക്കോബായ വിശ്വാസികളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതിനെ എതിർക്കുന്നതുമായ കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് സഭയുടെ ദുഷിച്ച നിലപാടുകൾക്കെതിരെ കേരളത്തിലെ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിലെ വിശ്വാസികൾ കോതമംഗലത്ത് ഒരുമിക്കുന്നു.
സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ കുരിശിൽ ആലാത്ത് കെട്ടി നടത്തിയ സത്യപ്രതിജ്ഞയുടെ ചുവട് പിടിച്ച് 2019 ഒക്ടോബർ 6 ഞായറാഴ്ച വൈകിട്ട് 3ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിനെ സാക്ഷിയാക്കി സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയും, മെത്രാപ്പോലീത്തമാരും വൈദീകരും വിശ്വാസികളും പള്ളിയുടെ മുന്നിലെ കൽകുരിശിൽ ആലാത്ത് കെട്ടി വിശ്വാസ പ്രഖ്യാപനം നടത്തും.
അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിലുള്ള തങ്ങളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച്, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ച്, നീതിയെ ഇല്ലാതാക്കി കൊണ്ട് ഓർത്തഡോക്സ് വിഭാഗം ഒരു കോടതി വിധിയുടെ മറവിൽ നടത്തുന്ന പള്ളി പിടിച്ചെടുക്കൽ ഒരു തരത്തിലും അംഗീകരിക്കാൻ തയ്യാറല്ലെന്ന വ്യക്തമായ താക്കീതോടെയാണ് സുറിയാനി സഭയിലെ വിശ്വാസികൾ പങ്കെടുക്കുന്ന വിശ്വാസ പ്രഖ്യാപനം കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സംഘടിപ്പിക്കുന്നത്. സുറിയാനി സഭയുടെ വിശ്വാസം കാക്കുന്നതിനുള്ള തുടക്കമാണ് ഈ സത്യപ്രതിജ്ഞ.
യാക്കോബായ സുറിയാനി സഭയുടെ വിശ്വാസത്തിൽ നിലനിൽക്കുന്ന
എല്ലാ പള്ളികളിലും ഒക്ടോബർ 6 ഞായറാഴ്ച നടക്കേണ്ടിയിരുന്ന കുടുംബയൂണിറ്റുകളുടെ യോഗങ്ങൾ ഒഴിവാക്കിക്കൊണ്ട് പള്ളിക്കാര്യത്തിൽനിന്നും വാഹനങ്ങൾ ക്രമീകരിച്ച് വികാരിയുടെയും ഭരണ സമിതിയുടെയും നേതൃത്വത്തിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളെയും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കല്പന പള്ളികൾക്ക് നൽകിയിട്ടുണ്ട്.
You must be logged in to post a comment Login