കോതമംഗലം: കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന പോത്ത് ഇടഞ്ഞ് ഓടിയത് ഭീതി പരത്തി. പോത്താനിക്കാട് പുളിന്താനം മാവുടി കവലയിലെ ഇറച്ചി കടയിൽ കശാപ്പുചെയ്യുന്നതിനായി കൊണ്ടു വന്ന പോത്താണ് രാവിലെ 8.30 ഓടെ ഇടഞ്ഞ് ഓടിയത്. കശാപ്പുശാലയിലെ ഷെഡ് തകർത്ത് കക്കടാശ്ശേരി- കാളിയാർ റോഡിലൂടെ ഓടിയ പോത്ത് ഗവ.യു.പി സ്കൂളിന് സമീപത്തുള്ള വീട്ടിലേക്ക് ഓടി കയറുകയായിരന്നു. മുറ്റത്ത് നിന്ന് റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ കണികുടിയിൽ ഗോപിയുടെ കൈയ്യുടെ അസ്ഥിക്ക് പോത്തിൻ്റെ ആക്രമണത്തിൽ പൊട്ടലുണ്ടായി.
മുറ്റത്ത് നിന്ന കുട്ടികൾക്ക് നേരേ പോത്ത് പാഞ്ഞടുത്തെങ്കിലും അവർ വീടിനുള്ളിലേക്ക് ഓടി കയറി വാതിൽ അടക്കുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന 2 സ്കൂട്ടറിനും കാറിനും പോത്തിൻ്റെ അക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കുടുക്കിട്ട് പോത്തിനെ തളച്ചത്. വിവരം അറിഞ്ഞ് കല്ലൂർകാട് നിന്ന് അഗ്നി രക്ഷാ സേനയും പോത്താനിക്കാട് പോലിസും സ്ഥലത്തെത്തി യിരുന്നു.