പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ 4 റോഡുകൾക്ക് 6 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. റോഡുകളുടെ നവീകരണത്തിനും നിർമ്മാണത്തിനുമായാണ് തുക അനുവദിച്ചത്. പദ്ധതികളുടെ സാങ്കേതികാനുമതിയും ടെൻഡർ നടപടികളും പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത് കൂടാതെ റോഡുകളുടെ ഭാഗമായുള്ള രണ്ട് കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിന് അനുവദിച്ച 64 ലക്ഷം രൂപയുടെ പ്രവൃത്തികളുടെ നടപടി ക്രമങ്ങൾ പൂർത്തികരിച്ചതായും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കീഴില്ലം കുറിച്ചിലക്കോട് റോഡിൽ കുറുപ്പംപടി മുതലുള്ള 5.400 കിലോമീറ്റർ ദൂരം ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കും.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 100 മീറ്റർ നീളത്തിൽ കാനയും നിർമ്മിക്കുന്നുണ്ട്. പെരുമ്പാവൂർ പുത്തൻകുരിശ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനായി 1.20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പെരുമ്പാവൂർ മുതൽ മണ്ഡല അതിർത്തിയായ അറക്കപ്പടി വരെയുള്ള റോഡ് 4.60 കോടി രൂപ അനുവദിച്ചു ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്തു നവീകരിച്ചിരുന്നു. മാർബിൾ ജംഗ്ഷൻ മുതൽ വെങ്ങോല കവല വരെ വരുന്ന 1.400 കിലോമീറ്റർ ദൂരമാണ് ഈ പദ്ധതിയിൽ നവീകരിക്കുന്നത്.
പുല്ലുവഴി തട്ടാമുകൾ റോഡിൽ 1.600 കിലോമീറ്റർ ദൂരമാണ് ഉന്നത നിലവാരത്തിൽ നവീകരിക്കുന്നത്. പുല്ലുവഴി മുതൽ മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ഭാഗം വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയത്. ഇവിടെ 80 മീറ്റർ നീളത്തിൽ കാന നിർമ്മിച്ചു വെള്ളക്കെട്ട് ഒഴിവാക്കും. 3.800 മീറ്റർ നീളത്തിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡിന് അനുമതി ലഭ്യമായത്. 1.50 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഈ റോഡിലുള്ള 3 കലുങ്കുകൾ അപകടവസ്ഥയിലാണ്. അതിൽ രണ്ട് കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിന് 64 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ള ഒരു കലുങ്ക് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു.
പെരുമ്പാവൂർ മണ്ഡലത്തിലെ 17 റോഡുകൾ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചതായി എംഎൽഎ പറഞ്ഞു. ഇതോടെ 21 റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയരുകയാണ്. മണ്ഡലത്തിലെ ശോചനീയാവസ്ഥയിലായ എല്ലാ റോഡുകളും ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.