പെരുമ്പാവൂർ : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ പാണിയേലി മൂവാറ്റുപുഴ റോഡിന് അഞ്ചു കോടി രൂപ അനുവദിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. നബാർഡ് ഫണ്ടിൽ നിന്നാണ് പദ്ധതിക്ക് തുക അനുവദിച്ചത്. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് പദ്ധതി തയ്യാറാക്കി നബാർഡിന് സമർപ്പിച്ചിരുന്നു. ഭരണാനുമതി ലഭ്യമായ പദ്ധതിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.
പയ്യാൽ മുതൽ ഓടക്കാലി വരെയുള്ള റോഡ് ഏറ്റവും ആധുനികമായ ഡി.ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനർ നിർമ്മിക്കും. നാല് കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. രാത്രി യാത്രക്കാർക്ക് സഹായകരമാകുന്ന റിഫ്ലക്ടർ, ദിശാസൂചികൾ എന്നിവ റോഡിൽ സ്ഥാപിക്കും. അശമന്നൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് പാണിയേലി മൂവാറ്റുപുഴ റോഡ്. പയ്യാൽ വരെയുള്ള ഭാഗം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് 25 ലക്ഷം രൂപ വിനിയോഗിച്ചു കുഴികൾ അടച്ച് നവികരിച്ചിരുന്നു.
You must be logged in to post a comment Login