കോതമംഗലം : തൃക്കാരിയൂർ മേഖലയിലെ പുലിമല, ഹൈക്കോർട്ട് കവല,പടിക്കമാലി തുളുശ്ശേരിക്കവല തടത്തിക്കവല തുടങ്ങിയ പ്രദേശങ്ങളിൽ പെരിയാർവാലി കനാലുകൾ പുല്ലും കാടും കയറി മൂടപ്പെട്ട് , ചപ്പു ചവറുകളും മാലിന്യങ്ങളും, ചെളിയും മണ്ണും അടിഞ്ഞു കൂടി വെള്ളം ഒഴുകാത്ത അവസ്ഥയാണ്. പ്രദേശത്തെ കുടിവെള്ളത്തിന്റെയും കൃഷിയുടെയും ഏക ആശ്രയമാണ് പെരിയാർവാലി കനാലുവെള്ളം.
വേനൽക്കാലം ആരംഭിച്ചതോടെ കിണറുകളെല്ലാം വറ്റി, കൃഷിയിടങ്ങൾ വരണ്ടുണങ്ങി. പല തവണ പ്രദേശവാസികളും വാർഡ് മെമ്പർമാരും പെരിയാർവാലി അധികൃതരുടെ മുന്നിൽ ഈ വിഷയം എത്തിച്ചിട്ടും അധികൃതർ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. കാട് മൂടിക്കിടക്കുന്നത്കൊണ്ട് റോഡ് ഏതാ കനാൽ ഏതാ എന്നറിയാത്ത അവസ്ഥയാണ് കനാലുകളുടെ പലഭാഗത്തും ഉണ്ടായിട്ടുള്ളത്.
പെരിയാർവാലി അധികൃതർ ഉടൻ കാനാലുകൾ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൃക്കാരിയൂർ ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തിൽ കാട് മൂടി കിടക്കുന്ന പെരിയാർ വാലി കനാലിറങ്ങി പ്ലകാർഡുകൾ പിടിച്ചുകൊണ്ട് പ്രതിഷേധിച്ചു.
പ്രതിഷേധപരിപാടികൾക്ക് ഗ്രാമ വികസന സമിതി പ്രവർത്തകരായ സുമേഷ് മുല്ലേപുഞ്ചയിൽ, വിഷ്ണു സുഭഗൻ, അതുൽ വടക്കേക്കര, നിജിൻ പള്ളത്തുകുടി, വാർഡ് മെമ്പർ സനൽ പുത്തൻപുരക്കൽ എന്നിവർ നേതൃത്വം നൽകി. പെരിയാർ വാലി അവഗണന തുടർന്നാൽ സമരം പെരിയാർ വാലി ഓഫീസിന് മുന്നിലേക്ക് മാറ്റുമെന്ന് തൃക്കാരിയൂർ ഗ്രാമ വികസന സമിതി അധ്യക്ഷൻ കെ ജി സുഭഗൻ പറഞ്ഞു.
പെരിയാർവാലി അധികാരികൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും,കൃത്യമായ ഇടവേളകളിൽ കനാലുകൾ നവീകരിക്കേണ്ടതുണ്ടെന്നും, വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചുണ്ടെന്നും, പെരിയാർവാലി വകുപ്പ് കനാലുകൾ നവീകരിക്കുന്നില്ല എങ്കിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാനാലുകൾ നവീകരിക്കാനുള്ള സംവിധാനം ഉടൻ ഉണ്ടാക്കുമെന്നും വാർഡ് മെമ്പർമാരായ ശോഭ രാധാകൃഷ്ണൻ, സനൽ പുത്തൻപുരക്കൽ എന്നിവർ പറഞ്ഞു.