തിരുവനന്തപുരം : നിരാലംബർക്കും നിസ്സഹായർക്കും തണൽ വിരിക്കുന്ന കോതമംഗലത്തെ പീസ് വാലിയുടെ പ്രവർത്തനങ്ങൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നടന്ന കൂടി കാഴ്ചയിൽ പീസ് വാലി ഭാരവാഹികളോടാണ് അദ്ദേഹം ഈ വിലയിരുത്തൽ പങ്കുവെച്ചത്. കോവിഡാനന്തര കാലത്ത് ഭിന്നശേഷി സമൂഹം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം പീസ് വാലി ഭാരവാഹികളുമായി ചർച്ച ചെയ്തു. വേദഗ്രന്ഥവും ഇക്ബാൽ കവിതകളും ഉദ്ധരിച്ച് സഹജീവി സ്നേഹത്തിന്റെ മഹത്വം അദ്ദേഹം എടുത്തു പറഞ്ഞു.
നന്മയിൽ അധിഷ്ടിതമായ പ്രവർത്തനങ്ങളെ സമൂഹം എക്കാലത്തും ഹൃദയത്തോട് ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ പീസ് വാലി സന്ദർശിക്കാമെന്നു അദ്ദേഹം ഭാരവാഹികൾക്ക് ഉറപ്പ് നൽകി. പീസ് വാലി രക്ഷധികാരിയും കേരള അഡ്മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി കെ അബ്ദുൽ റഹിം, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, വൈസ് ചെയർമാൻ കെ എം യൂസുഫ് എന്നിവരാണ് രാജ്ഭവനിൽ നടന്ന കൂടികാഴ്ചയിൽ പങ്കെടുത്തത്.