കോതമംഗലം : എൻ.എച്ച് 85 കൊച്ചി – ധനുഷ്‌കോടി മൂന്നാർ മുതൽ കുണ്ടന്നൂർ വരെ അന്തർദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ദേശിയപാതകളുടെ വികസനവും കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമ്മാണം സംബന്ധിച്ചും ചർച്ച ചെയ്യുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ഉറപ്പ് ലഭിച്ചത്. നേരത്തെ മന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രൊജക്ട് മാനേജർ ജെ. ബാലചന്ദറിന് വിശദമായ റിപ്പോർട്ട് നൽകുന്നതിന് നിർദേശം നൽകിയിരുന്നു. വിശദമായ ഡിറ്റേയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുകയും, 2 ലെയിൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന തലത്തിൽ നിർമ്മാണാനുമതിയ്ക്ക് ശുപാർശ നൽകുകയും ചെയ്തു.
തേനി മുതൽ ബോഡിമെട്ട് വരെയും , ബോഡിമെട്ട് മുതൽ മൂന്നാർ വരെയും അന്തർദേശീയ നിലവാരത്തിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി വരുകയാണ്. മൂന്നാർ മുതൽ കുണ്ടന്നൂർ വരെയാണ് ഇനി വികസന പ്രവർത്തനങ്ങൾ നടത്തേണ്ടത്. 30 വർഷം നിർദേശിക്കപ്പെട്ടിട്ടുളള മുവാറ്റുപുഴ, കോതമംഗലം എന്നീ ബൈപാസുകൾ, നേര്യമംഗലത്ത് പുതിയ പാലമുൾപ്പടെ അടിമാലി വരെ വനപ്രദേശങ്ങളിലൂടെയുള്ള വികസന പ്രവർത്തനങ്ങൾ ഉൾപ്പടെ ഉറപ്പു വരുത്തുന്ന തരത്തിലാണ് നിർദ്ദിഷ്ട ശുപാർശകൾ നൽകപ്പെട്ടിട്ടുള്ളത്. ഈ ശുപാർശകൾക്ക് ഉടൻതന്നെ അംഗീകാരം നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.